വെസ്റ്റിൻഡീസ് ലക്ഷ്യം 365; ജയപ്രതീക്ഷയിൽ ഇന്ത്യ

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയപ്രതീക്ഷയിൽ. രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അതിവേഗം 181 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യ 365 റൺസിന്റെ വിജയലക്ഷ്യമാണ് ആതിഥേയർക്ക് മുമ്പിൽ വെച്ചത്. ട്വന്റി 20 സ്റ്റൈലിൽ ബാറ്റ് വീശിയ ഇന്ത്യൻ ബാറ്റർമാർ 24 ഓവറിലാണ് 181 റൺസ് അടിച്ചെടുത്തത്. വേഗത്തിൽ റൺസടിക്കുകയും വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ച് വിജയം പിടിക്കുകയുമാണ് ​ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓപണർമാരുടെ പ്രകടനം. ക്യാപ്റ്റൻ രോഹിത് ശർമ 44 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 57 റൺസും യശസ്വി ജയ്സ്വാൾ 30 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 38 റൺസും നേടി പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 37 പന്തിൽ 29 റൺസുമായും ഇശാൻ കിഷൻ 34 പന്തിൽ 52 റൺസുമായും പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി ഷാനൺ ഗ​ബ്രിയേൽ, ജോമെൽ വരികാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

183 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ടായിരുന്ന ഇന്ത്യ 365 റൺസിന്റെ വിജയലക്ഷ്യമാണ് ആതിഥേയർക്ക് മുമ്പിൽ വെച്ചത്. തുടർന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. 28 റൺസെടുത്ത ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‍വെയ്റ്റും റൺസൊന്നുമെടുക്കാത്ത കിർക് മക്കെൻസിയുമാണ് പുറത്തായത്. ഇരുവരെയും രവിചന്ദ്രൻ അശ്വിനാണ് വീഴ്ത്തിയത്. ബ്രാത്‍വെയ്റ്റിനെ ഉനദ്കട്ടിന്റെ കൈകളി​ലെത്തിച്ച​പ്പോൾ മ​ക്കെൻസിയെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. 24 റൺസുമായി തഗെനരൈൻ ചാന്ദർപോളും 20 റൺസുമായി ജെർമെയ്ൻ ബ്ലാക്ക്‍വുഡുമാണ് ക്രീസിൽ. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ വിൻഡീസിന് വിജയിക്കാൻ 289 റൺസ് കൂടി വേണം.

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നേടിയ 438 റൺസിന് മറുപടിയായി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 255 റൺസിന് എല്ലാവരും പുറത്തായിരുന്നു. 26 റൺസെടുക്കുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റ് നഷ്ടമായത്. അലിക് അത്താനസ് (37), ജേസൻ ഹോൾഡർ (15), കെമർ റോഷ് (നാല്), അൽസാരി ജോസഫ് (നാല്), ഷാനൺ ഗബ്രിയേൽ (0) എന്നിവരാണ് പുറത്തായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് നാലാം ദിനം ആദ്യ സെഷനിൽ തന്നെ വിൻഡീസിന്റെ കഥ കഴിച്ചത്. വീണ അഞ്ച് വിൻഡീസ് വിക്കറ്റുകളിൽ നാലും സിറാജ് സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജദേജ രണ്ടും അശ്വിൻ ഒന്നും വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‍വെയ്റ്റ് (75) ആണ് ആതിഥേയരുടെ ടോപ് സ്കോറർ.

Tags:    
News Summary - West Indies target 365; India in hope of victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.