വനിത ലോകകപ്പിലും ഹാൻഡ്ഷേക് വിവാദം ആവർത്തിക്കുമോ? ഇന്ത്യ -പാകിസ്താൻ മത്സരം ഞായറാഴ്ച

മുംബൈ: ഏഷ്യ കപ്പിനു പിന്നാലെ വരുന്ന ഞായറാഴ്ച ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ വേദി വനിതാ ഏകദിന ലോകകപ്പാണ്. ഇന്ത്യയിൽ കാലുകുത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാകുന്നത്. കൊളംബോയിലെ പ്രമദാസ സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ മത്സരം. ഏഷ്യ കപ്പിലെ വിവാദങ്ങൾക്കു പിന്നാലെ നടക്കുന്ന ടൂർണമെന്‍റിൽ സമാന നിലപാടു തന്നെയാകും ഇന്ത്യ ഇവിടെയും സ്വീകരിക്കുകയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ഐ.സി.സി ടൂർണമെന്‍റായതിനാൽ പതിവായി തുടർന്നുപോരുന്ന ഹസ്തദാനമുൾപ്പെടെയുള്ള പ്രോട്ടോകാളുകൾ എല്ലാ മത്സരത്തിലും പിന്തുടരേണ്ടതായി വന്നേക്കാം. ടോസിനെത്തുമ്പോൾ ക്യാപ്റ്റന്മാരും മത്സരശേഷം എല്ലാ താരങ്ങളും കൈകൊടുത്തു പിരിയുന്നതാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഹർമൻപ്രീത് കൗറിനും സംഘത്തിനും പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഐ.സി.സി ഇവന്‍റായതിനാൽ അന്തിമ നിമിഷങ്ങളിലാകും പ്രോട്ടോകാൾ സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകുക.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ഹസ്തദാനം സംബന്ധിച്ച ചർച്ചകൾക്ക് ഇതിനകം ചൂടുപിടിച്ചിട്ടുണ്ട്. ഹർമൻപ്രീതും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ടോസിനായി പ്രേമദാസ സ്റ്റേഡിയത്തിലെത്താൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫൈനൽ വിജയത്തിനു ശേഷം പാക് മന്ത്രി കൂടിയായ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയാറാകാതിരുന്നത് പാക് ക്രിക്കറ്റ് ബോർഡും മുൻ താരങ്ങളും വലിയ തോതിൽ വിമർശിച്ചിരുന്നു. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പൂർണമായും ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുൻ താരം കമ്രാൻ അക്മൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വനിതാ ടീമിനെ തിരികെ വിളിക്കണമെന്നും അക്മൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ താരങ്ങൾ കളക്കളത്തിൽ പാക് താരങ്ങളോട് സ്വീകരിക്കേണ്ട നിലപാടിൽ ഇന്ത്യയുമടെ മുൻതാരങ്ങൾ ഭിന്നാഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു. ഹർമൻപ്രീത് എന്ത് നിലപാട് സ്വീകരിച്ചാലും താൻ അവർക്കൊപ്പം നിൽക്കുമെന്നും എന്നാൽ മറുഭാഗത്ത് കളിക്കുന്നതും മനുഷ്യരാണന്ന കാര്യം മറക്കരുതെന്ന് മുൻ താരം ശോഭ പണ്ഡിറ്റ് പറഞ്ഞു. കളിക്കളത്തിൽ ഒരേ ഗെയിം കളിക്കുന്നവർക്ക് അർഹമായ പരിഗണനയും ബഹുമാനവും നൽകണമെന്നും അവർ വ്യക്തമാക്കി. എന്നാൽ സൂര്യകുമാറിന്‍റെ പാതതന്നെ ഹർമനും സ്വീകരിക്കണമെന്ന് മുൻ താരം സന്ധ്യ അഗർവാൾ അഭിപ്രായപ്പെട്ടു.

അതേസമയം തന്‍റെ മനസ്സിൽ ക്രിക്കറ്റ് മാത്രമേയുള്ളൂവെന്നും മറ്റുകാര്യങ്ങൾ ഡ്രസ്സിങ് റൂമിൽ പോലും ചർച്ചയാകാറില്ലെന്നും ഹർമൻപ്രീത് വ്യക്തമാക്കി. വനിതാ ക്രിക്കറ്റിൽ 11 ഏകദിനത്തിലും 16 ടി20കളിലുമാണ് ഇന്ത്യയും പാകിസ്താനും ഇതുവരെ നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മൂന്ന് ട്വന്‍റി20 മത്സരങ്ങളിൽ പാകിസ്താനും ശേഷിച്ച മത്സരങ്ങളിൽ ഇന്ത്യയുമാണ് ജയിച്ചത്. 

Tags:    
News Summary - Week after politically charged Asia Cup final, no clarity whether India, Pakistan players will shake hands during Women’s World Cup fixture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.