ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും

പാകിസ്താനുമായുള്ള മത്സരം ബഹിഷ്‍കരിക്കാനാവില്ല; സമൂഹമാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

മുംബൈ: ബഹിഷ്‍കരണാഹ്വാനങ്ങൾക്കിടെ പാകിസ്താനുമായുള്ള ഏഷ്യ കപ്പ് മത്സരത്തിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ.സംഘടനയുടെ സെക്രട്ടറി​ ദേവ്ജിത് സൈകിയയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നയപ്രകാരമാണ് പാകിസ്താനുമായി കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിൽ നിന്നും ഇന്ത്യക്ക് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ടൂർണമെന്റിൽ നിന്നും മാറിനിൽക്കാനാവില്ല. പാകിസ്താനെതിരായ മത്സരം ബഹിഷ്‍കരിച്ചാൽ അത് ഇന്ത്യയുടെ കോമൺവെൽത്ത്, ഒളിമ്പിക്സ് സ്വപ്നങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാകിസ്താൻ മത്സരം ‘ബഹിഷ്കരിക്കാൻ’ ബി.സി.സി.ഐ! ജയ് ഷായും മുങ്ങി

ദുബൈ: സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെ ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം ‘രഹസ്യമായി’ ബഹിഷ്കരിക്കാൻ ബി.സി.സി.ഐ!

ഞായാറാഴ്ച രാത്രി എട്ടിന് ദുബൈയിലാണ് ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏഷ്യ കപ്പിൽ പാകിസ്താനെതിരെ മത്സരിക്കാൻ ഇന്ത്യൻ ടീമിന് ബി.സി.സി.ഐ അനുമതി നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. മത്സരക്രമം പുറത്തുവന്നതോടെ ബഹിഷ്കരണ ആഹ്വാനവുമായി ഒരുവിഭാഗം രംഗത്തെത്തി.

ബഹിഷ്കരണ ആഹ്വാനം ശരിക്കും ഏറ്റുവെന്നതിന് തെളിവാണ് മത്സരം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ടിക്കറ്റുകൾക്ക് ആവശ്യക്കാരില്ലാത്തത്. സാധാരണ നിലയിൽ ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഇന്ത്യ-പാകിസ്താൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകും, നിറഞ്ഞ ഗാലറികളിലാണ് മത്സരം നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് ബി.സി.സി.ഐ പ്രതിനിധികളിൽ ഭൂരിഭാഗവും ഇന്ത്യ-പാക് മത്സരം കാണാനെത്തില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന ബി.സി.സി.ഐ പ്രതിനിധികളാരും ഇതുവരെ ദുബൈയിലെത്തിയിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതേ വേദിയിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ മുതിർന്ന ബി.സി.സി.ഐ പ്രതിനിധികളെല്ലാം എത്തിയിരുന്നു. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ, ഐ.പി.എൽ ചെയർമാൻ അരുൺ ധൂമിൽ, ട്രഷറർ പ്രഭ്തേജ് ഭാട്ടിയ, ജോയിന്‍റ് സെക്രട്ടറി രോഹൻ ദേസായി തുടങ്ങിയവരൊന്നും മത്സരം കാണാനുണ്ടാകില്ല. ഐ.സി.സി ചെയർമാൻ ജയ് ഷായും ദുബൈയിലെത്തില്ല. നിലവിൽ അദ്ദേഹം യു.എസിലാണ്. അതേസമയം, ബി.സി.സി.ഐ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന രാജീവ് ശുക്ല, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിർവാഹക സമിതി അംഗമെന്ന നിലയിൽ മത്സരം കാണാനുണ്ടാകും.

കേന്ദ്ര സർക്കാർ അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്താനുമായുള്ള മത്സരത്തിന് ബി.സി.സി.ഐ അംഗീകാരം നൽകിയതെന്നാണ് ബി.സി.സി.ഐ നിലപാട്. മത്സരം കാണാനെത്തുന്ന ബി.സി.സി.ഐ പ്രതിനിധികൾ കാമറക്കു മുഖം കൊടുക്കില്ലെന്നും പറയപ്പെടുന്നു. ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹരജി എത്തിയിരുന്നു. എന്നാൽ ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ കോടതി, മത്സരം നടക്കട്ടെയെന്നും പറഞ്ഞു. ഏഷ്യാ കപ്പിന് ഇത്തവണ ഇന്ത്യയാണ് വേദിയാകേണ്ടിയിരുന്നത്.

എന്നാൽ പാക് ടീമിന്റെ മത്സരം ഇന്ത്യയിൽനിന്നു മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതോടെയാണ് ടൂർണമെന്റ് മുഴുവനായി യു.എ.ഇയിലേക്ക് മാറ്റിയത്. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും പാകിസ്താൻ ഇന്ത്യയിലെത്തില്ല. പകരം ശ്രീലങ്കയിലാകും ടീമിന്‍റെ മത്സരങ്ങൾ നടക്കുക.

Tags:    
News Summary - ‘We cannot boycott’: BCCI refuses to budge from its stance; India have no choice but to play Pakistan in Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.