ഓവലിൽ ടെസ്റ്റ് ആവേശം! ഇന്ത്യ 396ന് പുറത്ത്; ഇംഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം; വാഷിങ്ടണ്ണിന് 39 പന്തിൽ അർധ സെഞ്ച്വറി

ലണ്ടൻ: ഓവൽ ടെസ്റ്റ് ആന്‍റി ക്ലൈമാക്സിലേക്ക്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. രണ്ടു ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം.

ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ സെഞ്ച്വറിയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിന്‍റെയും രവീന്ദ്ര ജദേജയുടെയും വാഷിങ്ടൺ സുന്ദറിന്‍റെയും അർധ സെഞ്ച്വറികളുമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 164 പന്തിൽ 14 ഫോറും രണ്ടു സിക്സുമടക്കം 118 റൺസെടുത്താണ് ജയ്സ്വാൾ പുറത്തായത്. നാലാമനായി ഇറങ്ങി ഈ പേസർ ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണിത് ഓവലിൽ കുറിച്ചത്.

94 പന്തിൽ 12 ഫോറടക്കം 66 റൺസെടുത്താണ് താരം പുറത്തായത്. ജദേജ 77 പന്തിൽ 53 റൺസെടുത്തു. അവസാന വിക്കറ്റിൽ തകർത്തടിച്ച വാഷിങ്ടൺ 46 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്തു. മൂന്നാം ദിനം രണ്ടിന് 75 റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി ജയ്‌സ്വാളും ആകാശും ശ്രദ്ധയോടെയാണ് ബാറ്റുവിശീയത്. ഇംഗ്ലീഷ് ബൗളർമാർ മാറിമാറി പരീക്ഷിച്ചെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. ബൗളർമാരെ ഇടവിട്ട് ബൗണ്ടറി കടത്തി താരം സ്കോർ ഉയർത്തി. മൂന്നാം വിക്കറ്റിൽ സെഞ്ച്വറി (107 റൺസ്) കൂട്ടുകെട്ടുണ്ടാക്കിയാണ് ആകാശ് പുറത്തായത്. ജമീ ഓവർട്ടണിന്‍റെ പന്തിൽ ഗസ് അറ്റ്കിൻസണ് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശിന്‍റേത്. പിന്നാലെ ക്രീസിലെത്തിയ നായകൻ ശുഭ്മൻ ഗില്ലിനും (ഒമ്പത് പന്തിൽ 11) കരുൺ നായർക്കും നിലയുറപ്പിക്കാനായില്ല. സെഞ്ച്വറി നേടിയ ജയ്സ്വാളിനെ ജോഷ് ടോങ് പുറത്താക്കി. ഇന്ത്യ ആറിന് 273. ജദേജയും ധ്രുവ് ജുറേലും ചേർന്ന് ടീം സ്കോർ 300 കടത്തി. 46 പന്തിൽ 34 റൺസെടുത്ത ജുറേലിനെ ജമീ ഓവർട്ടൺ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മുഹമ്മദ് സിറാജ് (പൂജ്യം) വന്നപോലെ മടങ്ങി. പത്താം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണയെ കാഴ്ചക്കാരനാക്കി തകർത്തടിച്ചാണ് വാഷിങ്ടൺ അർധ സെഞ്ച്വറി കുറിച്ചത്.

ഇംഗ്ലണ്ടിനുവേണ്ടി ജോഷ് ടോങ് അഞ്ചു വിക്കറ്റെടുത്തു. ഗസ് അറ്റ്കിൻസൺ മൂന്നും ജമീ ഓവർട്ടൺ രണ്ടും വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 247 റൺസിന് പുറത്തായിരുന്നു. തിരിച്ചടിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിൽ ഒതുക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുണ്ടായിരുന്നത്.

Tags:    
News Summary - Washington Sundar’s fiery fifty helps India set England 374 to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.