സചിന്റെ റെക്കോഡുകളിലേക്ക് ഇനിയേറെ ദൂരമില്ലാതെ കോഹ്ലി; ഇന്ന് 67 റൺസെടുത്താൽ ജയവർധനെയെ കടക്കും


റൺമെഷീനായി തിരിച്ചുവന്ന വിരാട് കോഹ്ലിയുടെ കരുത്തിലായിരുന്നു കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ഇന്ത്യ അനായാസ ജയവുമായി മടങ്ങിയത്. സെഞ്ച്വറി കുറിച്ച പ്രകടനവുമായി നിറഞ്ഞാടിയ കോഹ്ലിയെ കൂട്ടുപിടിച്ച് 373 റൺസാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അടിച്ചെടുത്തത്. എതിരാളികളെ വാഴാൻ വിടാതെ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ 67 റൺസിനായിരുന്നു ജയം.

റണ്ണൊഴുകുന്ന ഈഡൻ ഗാർഡൻസിൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് കോഹ്ലിയുടെ പുതിയ വെടിക്കെട്ടിന്. ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് കഴിഞ്ഞ ദിവസം തന്റെ പേരിലേക്ക് മാറ്റിയ കോഹ്ലി നാട്ടിൽ രാജ്യത്തിനായി ഏറ്റവും ​കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് നിലവിൽ സചിനൊപ്പം പങ്കിടുകയാണ്. ഇരുവരും ഇന്ത്യയിലെ പിച്ചുകളിൽ 20 സെഞ്ച്വറികളാണ് നേടിയത്. സചിൻ അത്രയും ശതകങ്ങൾക്ക് 160 മത്സരങ്ങൾ എടുത്തെങ്കിൽ കോഹ്ലി 20ലെത്തിയത് 101 എണ്ണത്തിൽ.

ഏകദിനത്തിൽ 49 ശതകങ്ങൾ നേടി ഉയരത്തിൽ നിൽക്കുന്ന സചിനുമായി നാലു സെഞ്ച്വറികൾ കുറഞ്ഞ് 45ൽ നിൽക്കുകയാണ് കോഹ്ലി. അതും വൈകാതെ തിരുത്താനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

ഏകദിനത്തിൽ 12,584 റൺസാണ് കോഹ്ലി ഇതുവരെ കുറിച്ചത്. തൊട്ടുമുന്നിൽ 12,650 എടുത്ത ശ്രീലങ്കൻ ബാറ്റർ മഹേല ജയവർധനെയുണ്ട്. ഇന്ന് 67 റൺസ് നേടാനായാൽ അതും മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച് പേരിൽ ഒരാളാകാം. ഇന്ത്യക്കായി ഇതുവരെ 266 ഏകദിനങ്ങളാണ് താരം കളിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി നേടിയത് 73 സെഞ്ച്വറികൾ. ഏകദിനത്തിൽ 45ഉം ടെസ്റ്റിൽ 27ഉം.

കോഹ്ലി​ക്ക് പ്രശംസ ചൊരിഞ്ഞ് കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ‘‘കോഹ്ലി മഹാനായ താരമാണ്. വലിയ കുറെ ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. 45 ശതകങ്ങൾ വെറുതെ സംഭവിച്ചതല്ല. സവിശേഷ പ്രതിഭയാണ് അയാൾ. ചിലപ്പോൾ റണ്ണൊഴുകാത്ത നാളുകളുണ്ടാകാം. എന്നാലും അയാൾ പ്രത്യേകതകളുള്ള താരമാണ്’’ എന്നായിരുന്നു പ്രതികരണം. 

Tags:    
News Summary - Virat Kohli set to break Sachin Tendulkar's world record in double quick time, 67 runs away from surpassing Jayawardene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.