ന്യൂഡൽഹി: ക്രിക്കറ്റിൽ റെക്കോഡുകളുടെ തോഴനാണ് ഇന്ത്യയുടെ സൂപ്പർബാറ്റർ വിരാട് കോഹ്ലി. ക്രിക്കറ്റിലെ ഒരുപിടി അപൂർവ റെക്കോഡുകളാണ് താരത്തിന്‍റെ പേരിലുള്ളത്.
ട്വന്‍റി20 ഫോർമാറ്റിൽ മറ്റൊരു റെക്കോഡിനരികിലാണ് കോഹ്ലി. ആറു റൺ കൂടി നേടിയാൽ ട്വന്‍റി20 ഫോർമാറ്റിൽ (ട്വന്‍റി20 അന്താരാഷ്ട്ര മത്സരങ്ങൾ+ലിസ്റ്റ് എ മത്സരങ്ങൾ) കോഹ്ലി 12,000 റൺസ് പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാകും. ബുധനാഴ്ച അഫ്ഗാനിസ്താനെതിരെ നടക്കുന്ന ട്വന്‍റി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിൽ താരം ഈ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ 375 മത്സരങ്ങളിൽനിന്നായി 11,994 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. ട്വന്‍റി20 ഫോർമാറ്റിൽ റൺവേട്ടക്കാരനിൽ നാലാമനാണ്. വെസ്റ്റീൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലാണ് ഒന്നാമതുള്ളത്. 463 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 14,562 റൺസ്. ശുഐബ് മാലിക് (525 മത്സരങ്ങളിൽനിന്ന് 12,993 റൺസ്), കീരൺ പൊള്ളാർഡ് (639 മത്സരങ്ങളിൽനിന്ന് 12,430 റൺസ്) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
14 മാസത്തെ ഇടവേളക്കുശേഷമാണ് കോഹ്ലി ഇന്ത്യക്കായി ട്വന്‍റി20 കളിക്കുന്നത്. 2022ലെ ലോകകപ്പ് സെമി ഫൈനലിലാണ് അവസാനമായി കളിച്ചത്. അഫ്ഗാനെതിരായ രണ്ടാം മത്സരത്തിൽ 16 പന്തിൽ 29 റൺസ് നേടിയാണ് താരം പുറത്തായത്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് രോഹിത് ശർമയും സംഘവും ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.