കോഹ്ലി ഐ.സി.സിയുടെ മികച്ച ഏകദിന ക്രിക്കറ്റർ; പുരസ്കാരം നേടുന്നത് നാലാം തവണ; റെക്കോഡ്

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) 2023ലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ സൂപ്പർബാറ്റർ വിരാട് കോഹ്ലിക്ക്.

നാലാം തവണയാണ് ക്ലോഹി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2012, 2017, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരം നേടിയത്. ഐ.സി.സിയുടെ മികച്ച ഏകദിന താരമായി നാലു തവണ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. മൂന്ന് തവണ പുരസ്‌കാരം നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് മറികടന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് ഉൾപ്പെടെ ഏകദിന ഫോർമാറ്റിൽ കാഴ്ചവെച്ച മിന്നുംപ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

കഴിഞ്ഞവർഷം ഏകദിന റൺവേട്ടക്കാരനിൽ സഹതാരം ശുഭ്മൻ ഗില്ലിനു പിന്നിൽ രണ്ടാമനായിരുന്നു കോഹ്ലി. ആറു സെഞ്ച്വറിയും എട്ടു അർധ സെഞ്ച്വറിയും ഉൾപ്പെടെ 25 ഏകദിന മത്സരങ്ങളിൽനിന്ന് 1377 റൺസാണ് മുൻ ഇന്ത്യൻ നായകൻ 2023ൽ നേടിയത്. ഏകദിന ലോകകപ്പിലെ മികച്ച താരവും 35കാരനായ കോഹ്ലിയായിരുന്നു. 11 ഇന്നിങ്‌സുകളില്‍നിന്ന് 765 റൺസാണ് നേടിയത്.

ഒമ്പത് ഇന്നിങ്സുകളിലും 50നു മുകളിൽ സ്കോർ ചെയ്തു. മൂന്ന് സെഞ്ച്വറികളും നേടി. സചിനെ മറികടന്ന് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. താരത്തിന്‍റെ കരിയറിലെ ഏഴാമത്തെ വ്യക്തിഗത ഐ.സി.സി പുരസ്കാരം കൂടിയാണിത്. 2018ൽ മികച്ച ടെസ്റ്റ് താരമായും 2017, 2018 വർഷങ്ങളിൽ ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്ററായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    
News Summary - Virat Kohli Crowned As ICC Men's ODI Cricketer Of The Year For 4th Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.