ഇന്ത്യയുടെ ബഹിഷ്‍കരണത്തിൽ പൊള്ളി പാകിസ്താൻ; സ്വകാര്യ ടൂർണമെന്റുകളിൽ ‘പാകിസ്താൻ’ പേര് ഉപയോഗിക്കുന്നതിന് വിലക്ക്

ലാഹോർ: വിരമിച്ച ക്രിക്കറ്റ് താരങ്ങ​ളെ അണിനിരത്തി നടത്തുന്ന ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെതിരായ മത്സരങ്ങൾ രണ്ടു തവണ ബഹിഷ്‍കരിച്ച ഇന്ത്യയുടെ തീരുമാനത്തിൽ പൊള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിന്റെ ലീഗ് റൗണ്ടിലും സെമി ഫൈനലിലും എതിരാളികളായ പാകിസ്താനോടുള്ള പ്രതിഷേധ സൂചകമായി മത്സരം ബഹിഷ്‍കരിച്ച ഇന്ത്യയുടെ തീരുമാനം പാകിസ്താന് നാണക്കേടായതോടെ നടപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പി.സി.ബി. സ്വകാര്യ ടൂർണമെന്റുകളിൽ പാകിസ്താൻ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ദിവസം ചേർന്ന പി.സി.ബി ഡയറക്ടർ യോഗം ഇത്തരമൊരു നിർദേശം നൽകിയതായി ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ സർക്കാറി​ന്റെ കൂടി നിർദേശത്തെ തുടർന്നാണ് ഈ നിർദേശമെന്നും സൂചനയുണ്ട്.

ടൂർണമെന്റിൽ രണ്ടു തവണ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‍കരിച്ചത് അന്താരാഷ്ട്ര തലത്തിൽ തന്നെ രാജ്യത്തിന് അഭിമാനക്ഷതമുണ്ടായതായി ഉന്നത തലത്തിൽ നിന്നും അഭിപ്രായപ്പെട്ടതായി ഡയറക്ടർ ബോർഡ് വിലയിരുത്തി. ഭാവിയിൽ ഒരു സ്വകാര്യടൂർണമെന്റുകളിലും ഇറങ്ങുന്ന ടീമുകൾക്ക് രാജ്യത്തിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ലെജൻഡ്സ് ലീഗ് ഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസ് നിലവിലെ പേരിൽ തന്നെ കളിക്കും.

സിംബാബ്​‍വെ, കെനിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ചെറുകിട ടൂർണമെന്റുകളിൽ രാജ്യത്തിന്റെ പേരിൽ ടീമുകൾ ഇറങ്ങുന്നതും വിലക്കും. പി.സി.ബിക്കാണ് ദേശീയ ടീമിനെ പ്രതിനിധികരിക്കാൻ അർഹതയുള്ളതെന്നും വ്യക്തമാക്കി. പാകിസ്താൻ സർക്കാറും, സ്​പോർട്സ് ചുമതലയുള്ള ഇന്റർ പ്രൊവിൻഷ്യൽ കോർഡിനേഷൻ കമ്മിറ്റിയും (ഐ.പി.സി) പി.സി.ബിക്ക് നിർദേശം നൽകി.

ബ്രിട്ടനിൽ നടക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ടിലെ മത്സരമാണ് ആദ്യം ഇന്ത്യൻ താരങ്ങൾ ബഹിഷ്‍കരിച്ചത്. യുവരാജ് സിങ്, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, സുരേഷ് റെയ്ന തുടങ്ങിയ വിരമിച്ച താരങ്ങളാണ് ഇന്ത്യയെ പ്രതിനീധികരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ താൽപര്യം പരിഗണിച്ച് പാകിസ്താനുമായി മത്സരിക്കാൻ തയ്യാറെല്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ താരങ്ങൾ മത്സരം ബഹിഷ്‍കരിച്ചത്. തുടർന്ന് സെമിയിലെത്തിയപ്പോഴും ഇന്ത്യ നിലപാട് ആവർത്തിച്ചു. ഭീകരതക്ക് പാകിസ്താൻ നൽകുന്ന പിന്തുണയോടുള്ള പ്രതിഷേധമാണ് ഇന്ത്യൻ താരങ്ങൾ കളത്തിലും പ്രകടമാക്കിയത്. 

Tags:    
News Summary - The Pakistan Cricket Board ban on using the name of the country in private cricket leagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.