പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി സൂര്യകുമാർ യാദവ്

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യകപ്പിലെ ട്രോഫി വിവാദത്തെ കുറിച്ച് പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. പിന്നാലെ ട്രോഫി ഏറ്റുവാങ്ങുന്നതിനിടെ ‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം തോന്നുന്നു’ എന്നായിരിന്നു ഇന്ത്യൻ നായകന്‍റെ പ്രതികരണം. ഏഷ്യകപ്പ് വിജയത്തിനു ശേഷം എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ സൂര്യകുമാർ തയാറായിരുന്നില്ല. ട്രോഫി ഇല്ലാതെയാണ് ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്. ഈ ട്രോഫി ഇനിയും ഇന്ത്യക്ക് കൈമാറിയിട്ടില്ല. അതിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റന്‍റെ പരാമർശം.

“ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം തോന്നുന്നു. പരമ്പര വിജയത്തിന്‍റെ ട്രോഫി ഏറ്റുവാങ്ങുമ്പോൾ അതിയായ ആഹ്ലാദമുണ്ട്. വനിത ടീം ലോകകപ്പ് ജയിച്ചപ്പോൾ ഇന്ത്യക്ക് മറ്റൊരു ട്രോഫി ലഭിച്ചിരുന്നു. ഇതെല്ലാം സന്തോഷം പകരുന്ന കാര്യങ്ങളാണ്” -മത്സരശേഷം വാർത്ത സമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞു. അതേസമയം ഏഷ്യകപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് നഖ്വിയും ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയയും തമ്മിൽ ചർച്ച നടന്നിരുന്നു. ദുബൈയിൽ ഐ.സി.സി യോഗത്തിനിടെയായിരുന്നു സൈകിയ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ നഖ്വിയുമായി കൂടിക്കാഴ്ച നടത്തിയത്.

“ഐ.സി.സിയുടെ ഔദ്യോഗിക യോഗത്തിലും അനൗദ്യോഗിക യോഗത്തിലും പങ്കെടുത്തിരുന്നു. മൊഹ്സിൻ നഖ്വിയും ഉണ്ടായിരുന്നു. ഇതിൽ അജണ്ടയിൽ ഉണ്ടായിരുന്നില്ലെങ്കിലും നഖ്വിയുമായി കൂടിക്കാഴ്ച നടത്തി. ഐ.സി.സിയിലെ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുവിഭാഗവും തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കാനുള്ള മാർഗവും ചർച്ചയായി. കാര്യങ്ങൾ പോസിറ്റിവായി മുന്നോട്ടുപോയാൽ വൈകാതെ ഒരു പരിഹാരമുണ്ടാകും” -സൈകിയ വ്യക്തമാക്കി. സെപ്റ്റംബർ 28ന് നടന്ന ഏഷ്യകപ്പ് ഫൈനലിനു പിന്നാലെ, ട്രോഫി നഖ്വിയിൽനിന്ന് ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയതോടെയാണ് വിവാദമുണ്ടായത്. പിന്നാലെ ട്രോഫിയുമായി നഖ്വി മടങ്ങുകയും ചെയ്തു.

അതേസമയം ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അവസാനത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കി. നാലുവിക്കറ്റിന് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. ഹൊബാര്‍ട്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാലാം മത്സരത്തിലും ജയം ആവര്‍ത്തിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. 48 റണ്‍സിനാണ് സൂര്യകുമാറും സംഘവും വിജയിച്ചുകയറിയത്. അഭിഷേക് ശർമയാണ് പരമ്പരയിലെ താരം.

Tags:    
News Summary - Suryakumar Yadav takes another dig at Asia Cup row: Feels good to finally touch a trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.