ന്യൂഡൽഹി: കരിയറിലെ പ്രധാനപ്പെട്ട ടൂർണമെന്‍റും ഉപേക്ഷിച്ച് സഹതാരമായ സ്മൃതി മന്ദാനക്കൊപ്പം കൂട്ടിരിക്കുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. നിശ്ചയിച്ചുറപ്പിച്ച വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവ് ആശുപത്രിയിലാവുകയും തൊട്ടുപിന്നാലെ ചടങ്ങുകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസം പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിവാഹം മുടങ്ങിയത് സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യൻ ടീമിലെ സഹതാരവും സ്മൃതിയുടെ ഉറ്റ സുഹൃത്തുമായ ജമീമ ആസ്ട്രേലിയയിൽ ആരംഭിച്ച വനിതാ ബിഗ് ബാഷ് ലീഗ് റദ്ദാക്കി മുംബൈയിൽ സ്മൃതിക്കൊപ്പം തുടരാൻ തീരുമാനിച്ചത്. നവംബർ ഒമ്പതിന് ആരംഭിച്ച ഡബ്ല്യൂ.ബി.ബി.എൽ സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ പ്രധാന താരമാണ് ജമീമ. വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച മുംബൈയിൽ പറന്നെത്തിയ ഇവർ, വിവാഹ ദിനത്തിൽ കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞതോടെ ആസ്ട്രേലിയയിലേക്കുള്ള മടക്കം നീട്ടിവെക്കുകയായിരുന്നു.
മാനസികമായി തളർന്ന കൂട്ടുകാരിക്ക് പിന്തുണ നൽകുന്നതിനു വേണ്ടിയാണ് ജമീമ കരിയറിലെ പ്രധാന മത്സരവും റദ്ദാക്കി സൗഹൃദത്തിന്റെ അപാരമായ മാതൃക പ്രകടിപ്പിച്ചത്. ഇതിന്‍റെ വാർത്ത ശ്രദ്ധയിൽപെട്ടാണ് സുനിൽ ഷെട്ടി എക്സിൽ ജെമീമയെ അഭിനന്ദിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പിട്ടത്. ‘രാവിലെ എഴുന്നേറ്റയുടന്‍ ഈ വാര്‍ത്തയിൽ കണ്ണുടക്കിയപ്പോൾ എന്റെ ഹൃദയം നിറഞ്ഞു. സ്മൃതിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടി ജെമീമ ഡബ്ല്യു.ബി.ബി.എല്ലിൽനിന്ന് വിട്ടുനിൽക്കുന്നു. വലിയ പ്രസ്താവനകളില്ല, നിശബ്ദമായ ഐക്യദാര്‍ഢ്യം മാത്രം. ഇതാണ് യഥാര്‍ഥ സഹതാരങ്ങള്‍ ചെയ്യുക. ലളിതം, നേരായത്. ആത്മാർഥമായത്’ -എന്ന് സുനില്‍ ഷെട്ടി കുറിച്ചു. ഇതോടൊപ്പം പത്രവർത്തയും നടൻ പങ്കുവെച്ചിട്ടുണ്ട്.
സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽനിന്നു വിട്ടു നിൽക്കാനും ഇന്ത്യയിൽ തുടരാനുമുള്ള ജമീമയുടെ അപേക്ഷ അംഗീകരിച്ചതായി ടീമായ ബ്രിസ്ബേൻ ഹീറ്റ് അറിയിച്ചിരുന്നു. നവംബർ 15ന് ബ്രിസ്ബെയ്നും ഹൊബാർട് ഹറികെയ്നും തമ്മിലെ മത്സരം കഴിഞ്ഞ ശേഷം ജെമീമ ഇന്ത്യയിലേക്ക് പോയതായും, വിവാഹം കഴിഞ്ഞ് ടീമിൽ തിരികെയെത്താനിരിക്കെ, സുഹൃത്തിന് പിന്തുണ നൽകാൻ താരം കൂടുതൽ സമയം ഇന്ത്യയിൽ ചിലവഴിക്കാൻ ചോദിച്ചതായും, അവസാന നാല് മത്സരങ്ങളിലും അവർ കളിക്കില്ലെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വിവാഹചടങ്ങുകൾ മാറ്റിവെച്ചത്. അതിനു ശേഷമാണ് പലാഷ് ആശുപത്രിയിലായത്. കൊറിയോഗ്രഫർ കൂടിയായ മറ്റൊാരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പലാഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. എന്നാൽ, പ്രചരിക്കുന്ന അഭ്യുഹങ്ങളിൽ കഴമ്പില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. മാനസിക സംഘർഷങ്ങൾ കാരണം പലാഷിന് ഹൃദയാഘാതമുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.