ഇമാദ് വാസിമും സാനിയ അഷ്ഫാഖും
ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനെ വിവാദങ്ങളുടെ ക്രീസിലേക്ക് പിടിച്ചുവലിച്ച് മുൻ താരം ഇമാദ് വസിമിന്റെ വിവാഹ മോചനവും, പ്രണയ വും. പാകിസ്താന്റെ ഏകദിന-ട്വൻറി20 ടീമുകളിൽ ഓൾറൗണ്ട് താരം എന്ന നിലയിൽ പേരെടുത്ത ഇമാദ് വസീമിന്റെ വിവാഹ മോചന വാർത്തക്കു പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആരോപണവുമായി ഭാര്യ രംഗത്തെത്തി. ഇതിനിടെ, കാമുകിക്കെതിരെ ആരാധകരുടെ വിമർശനം കൂടിയായതോടെ വിവാദങ്ങളുടെ നടുവിലായി താരം.
പാകിസ്താനുവേണ്ടി 55 ഏകദിനങ്ങളും 75ട്വന്റി20 മത്സരങ്ങളും കളിക്കുകയും, വിവിധ ലീഗ് ടീമുകളിൽ സജീവ താരവുമായ ഇമാദ് വസിം ഭാര്യ സാനിയ അഷ്ഫാഖുമായുള്ള ആറു വർഷത്തിലേറെ നീണ്ടു ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിപ്പിക്കുന്നതായിരുന്നു വിവാഹമോചന വാർത്ത. 2019 ആഗസ്റ്റിലായിരുന്നു ഇമാദ് സാനിയ അഷ്ഫാഖിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. ഒന്നിച്ചു മുന്നോട്ടു പോകാൻ കഴിയാത്തവിധം ബന്ധം വലഞ്ഞതായും, മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അറിയിച്ചുകൊണ്ടായിരുന്നു ഇമാദിന്റെ വിവാഹ മോചന കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.
എന്നാൽ, ഇമാദിന്റെ കുറിപ്പിനു പിന്നാലെ, വിവാഹ മോചന കാരണം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് സാനിയ അഷ്ഫാഖ് രംഗത്തുവന്നു. തങ്ങളുടെ കുടുംബ ബന്ധം തകർത്തത് മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലാണെന്നും, എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ അവർ നടത്തിയ ഇടപെടലാണ് കുടുംബം തകർത്തതെന്നും ഹൃദയഭേദകമായ കുറിപ്പിലൂടെ സാനിയ അഷ്ഫാഖ് പങ്കുവെച്ചു.
‘വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. എന്റെ കുടുംബം തകർന്നു. കുട്ടികൾക്ക് അച്ഛനില്ലാതായി. അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ് ഞാൻ. ഇളയവൻ ഇതുവരെ അച്ഛനെ കണ്ടിട്ടില്ല. ഒരിക്കലും പൊതു ഇടത്തിൽ പങ്കുവെക്കാൻ ആഗ്രഹിച്ച കയഥയല്ല ഇത്. പക്ഷേ മൗനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്.
പല ദാമ്പത്യവും പോലെ ഞങ്ങളുടെ ജീവിത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഭാര്യയും അമ്മയും എന്ന നിലയിൽ ഞാൻ കുടുംബത്തിന് മുൻഗണന നൽകി. കുടുംബത്തെ സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു. ഞങ്ങളുടെ ബന്ധം തകർത്തത് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാനായി മൂന്നാമതൊരു കക്ഷി നടത്തിയ ഇടപെടലാണ്’ -സാനിയ അഷ്ഫാഖ് കുറിച്ചു.
അതിനിടെ, വാർത്തക്കു പിന്നാലെ, ഇമാദ് വാസിമിന്റെ കാമുകിയും സാമൂഹിക മാധയമ ഇൻഫ്ലുവൻസറുമായ നൈല റജാഹിനെതിരെ ആരാധകർ രംഗത്തെത്തി. എന്നാൽ, നെറ്റിസൺസിന്റെ ആരോപണങ്ങൾ നൈല റജാഹ് തള്ളി. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, ഇമാദിന്റെ കുടുംബ ജീവിതത്തിൽ താൻ ഇടപെട്ടില്ലെന്നും അവർ പ്രതികരിച്ചു. ഇമാദിനൊപ്പമുള്ള നൈലയുടെ ചിത്രങ്ങൾപങ്കുവെച്ചാണ് ആരാധകരുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.