കും​െബ്ലയിൽനിന്ന് ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി സർഫ്രാസ് ഖാൻ; കണ്ണീരടക്കാനാവാതെ ഗാലറിയിൽ കുടുംബാംഗങ്ങൾ

രാജ്ഘോട്ട്: ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിന് സർഫ്രാസ് ഖാൻ ഇറങ്ങുമ്പോൾ ഗാലറിയിൽ വികാരമടക്കാനാവാതെ കുടുംബാംഗങ്ങൾ. ടോസിന് തൊട്ടുമുമ്പ് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ അനിൽ കും​െബ്ലയിൽനിന്ന് ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയ താരം ആദ്യം ചെയ്തത് അതുമായി പിതാവിനെറയും ഭാര്യ റൊമാന ജാഹുറിന്റെയും അടുത്തെത്തി അവരെ ആശ്ലേഷിക്കുകയായിരുന്നു. സർഫ്രാസ് ഭാര്യയുടെ കണ്ണീർ തുടക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കശ്മീർ സ്വദേശിനിയായ റൊമാന ജാഹുറും സർഫറാസും വിവാഹിതരായത്. മകന്റെ ടെസ്റ്റ് ക്യാപിൽ ചുംബിച്ച പിതാവ് നൗഷാദ് ഖാൻ പിന്നീട് ഗാലറിയിലിരുന്ന് കണ്ണീരടക്കാൻ പാടുപെട്ടു.

മകന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിപ്പോൾ തന്നെ എല്ലാവർക്കും നന്ദി അറിയിച്ച് നൗഷാദ് ഖാൻ രംഗത്തെത്തിയിരുന്നു. ‘സർഫ്രാസിന് ആദ്യമായി ടെസ്റ്റിലേക്ക് വിളിയെത്തിയ വിവരം നിങ്ങൾക്കെല്ലാവർക്കും അറിയാം. എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് അവൻ വളർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്. കൂടാതെ, അവന് അനുഭവസമ്പത്ത് നൽകിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്കും ബി.സി.സി.ഐക്കും അവനിൽ വിശ്വാസമർപ്പിച്ച സെലക്ടർമാർക്കും അവനുവേണ്ടി പ്രാർഥിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. അവന് രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും ടീമിന്റെ വിജയത്തിൽ പങ്കുവഹിക്കാനും കഴിയുമെന്ന് നമ്മളെല്ലാം പ്രതീക്ഷിക്കുന്നു’ -എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമാണ് മുംബൈയിൽനിന്നുള്ള 26കാരന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. 66 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിലായി 69.85 ശരാശരിയിൽ 3912 റൺസാണ് സർഫ്രാസ് ഇതുവരെ നേടിയത്. 27 ലിസ്റ്റ് എ ഇന്നിങ്സുകളിൽ 34.94 ശരാശരിയിൽ 629 റൺസും 74 ട്വന്റി 20 ഇന്നിങ്സുകളിൽ 22.41 ശരാശരിയിൽ 1188 റൺസും നേടിയിട്ടുണ്ട്. പിതാവിന്റെ കൂടി കഠിന പ്രയത്നമാണ് സർഫ്രാസിനെയും സഹോദരൻ മുഷീർ ഖാനെയും മികച്ച ക്രിക്കറ്റർമാരാക്ക വളർത്തിയത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച ആൾറൗണ്ട് പ്രകടനം പുറത്തെടുത്ത് മുഷീർ ഖാനും ശ്രദ്ധ നേടിയിരുന്നു. വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരുടെ അഭാവത്തിൽ രജത് പാട്ടിദാറും ധ്രുവ് ജുറേലും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരുന്നു. ജുറേലിനും ഇത് അരങ്ങേറ്റ മത്സരമാണ്. രവീന്ദ്ര ജദേജയും മുഹമ്മദ് സിറാജും മടങ്ങിയെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും ടീമിൽനിന്ന് പുറത്തായി. 

Tags:    
News Summary - Sarfraz Khan receives Test cap from Kumble; Parents in the gallery unable to hold back tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.