‘ഹൃദയത്തിന് തീരാനോവ്, രക്തം കുറഞ്ഞതുപോലെ തോന്നുന്നു...’; ധർമേന്ദ്രയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സചിനും കോഹ്ലിയും

മുംബൈ: വിഖ്യാത ബോളിവുഡ് താരം ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വർഷങ്ങളോളം ഇന്ത്യൻ സിനിമ അടക്കിവാണ ധർമേന്ദ്രയുടെ വിടവാങ്ങൽ.

മുംബൈയിലെ വസതിയിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. മറ്റു പലരെയും പോലെ തനിക്കും ധർമ്മേന്ദ്രജി എന്ന നടനോട് അതിവേഗം തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയെന്ന് സചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘കലാമികവ് കൊണ്ട് നമ്മളെയെല്ലാം ഏറെ രസിപ്പിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ടതോടെ ആ ബന്ധം കൂടുതൽ ശക്തമായി. അദ്ദേഹത്തിന്‍റെ ഊർജം അവിശ്വസനീയമാം വിധം നമ്മളിലേക്ക് പടർന്നു. നിന്നെ കാണുമ്പോൾ രക്തസമ്മർദം വർധിക്കുമെന്ന് എപ്പോഴും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന് ഊഷ്മളത ഉണ്ടായിരുന്നു, ചുറ്റുമുള്ള എല്ലാവരെയും വിലമതിക്കുകയും പ്രത്യേകം പരിഗണിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആരാധകനല്ലാതിരിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. നടന്‍റെ വിയോഗം ഹൃദയത്തിന് തീരാനോവാണ്. എനിക്ക് 10 കിലോ രക്തം കുറഞ്ഞതുപോലെ തോന്നുന്നു. വലിയ നഷ്ടം’ -സചിൻ എക്സിൽ കുറിച്ചു.

കലാവൈഭവം കൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസത്തെയാണ് നമുക്ക് നഷ്ടമായതെന്ന് കോഹ്ലി അനുശോചിച്ചു. ‘എല്ലാവരെയും പ്രചോദിപ്പിച്ച ഒരു യഥാർഥ ഐക്കൺ. ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിന് പിടിച്ചുനിൽക്കാനാകട്ടെ. കുടുംബത്തിനും എന്റെ ആത്മാർഥ അനുശോചനം’ -കോഹ്ലി പ്രതികരിച്ചു.

ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഒക്ടോബർ 31നാണ് ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു. ലുധിയാനയിലാണ് ധർമേന്ദ്ര ജനിച്ചത്. ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമേന്ദ്ര 1960ൽ 'ദിൽ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2012ൽ ഭാരത സർക്കാരിന്‍റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ യാദോൻ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കർ ബീവി കാ, ഫൂൽ ഔർ പത്ഥർ, ബേതാബ്, ഘായൽ തുടങ്ങിയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളിൽ ലളിതവും റൊമാന്‍റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളിൽ അദ്ദേഹം ആക്ഷൻ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. ആക്ഷൻ രംഗങ്ങളിലും കോമഡി, റൊമാൻസ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Sachin Tendulkar, Virat Kohli Pen Heartfelt Tributes After Dharmendra Passes Away At 89

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.