രോഹിത് ശർമ

‘ഓസീസിനെതിരെ ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണ്...’; ക്യാപ്റ്റൻസി നീക്കിയശേഷം രോഹിത്തിന്‍റെ ആദ്യ പ്രതികരണം

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം ആദ്യമായി പ്രതികരിച്ച് രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിനു പിന്നാലെയാണ് ഏകദിന ടീമിന്‍റെയും ക്യാപ്റ്റനായി ഗില്ലിനെ ബി.സി.സി.ഐ നിയമിച്ചത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരം വിരാട് കോഹ്ലിയും ഏകദിന ടീമിലുണ്ട്.

മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിത്തിനു കീഴിലാണ് ഇന്ത്യ കിരീടം നേടിയത്. അതുകൊണ്ടു തന്നെ രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കിയ തീരുമാനം ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മുൻ താരങ്ങൾ ഉൾപ്പെടെ ക്രിക്കറ്റ് വിദഗ്ധരും ബി.സി.സി.ഐ നടപടിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, 2027 ലോകകപ്പ് മുന്നിൽകണ്ടാണ് ഗില്ലിനെ ഏകദിന ടീമിന്‍റെയും ക്യാപ്റ്റനാക്കിയതെന്നാണ് ബി.സി.സി.ഐ വാദം. എന്നാൽ, ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിന്‍റെ നിരാശയൊന്നും രോഹിത്തിനില്ല.

ആസ്ട്രേലിയൻ മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ആവേശമാണ് രോഹിത് ആരാധകരോട് പങ്കുവെച്ചത്. ആസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണെന്നും ആ രാജ്യത്തെ ജനം ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണെന്നും താരം പറഞ്ഞു. ‘ആസ്ട്രേലിയക്കെതിരെ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമാണ്, അവിടെ പോകാനും ഇഷ്ടമാണ്, അവിടുത്തെ ജനം ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്’ -മുംബൈയിൽ സ്വകാര്യ ചടങ്ങിനിടെ രോഹിത് പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്ന വിവരം രോഹിത്തിനെ മുൻകൂട്ടി അറിയിച്ചിരുന്നതായി ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കോഹ്ലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മൗനമായിരുന്നു പ്രതികരണം. നിലവിൽ ഇരുവരും കളിക്കുന്ന ഫോർമാറ്റ് ഏകദിനം മാത്രമാണെന്നും അതുകൊണ്ടാണ് അവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതെന്നും 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് ഇപ്പോഴെ സംസാരിക്കേണ്ടതില്ലെന്നും അഗാർക്കർ പ്രതികരിച്ചു.

നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയതിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തരുതായിരുന്നെന്നും ഹർഭജൻ പറഞ്ഞു.

ഓസീസ് പരമ്പരക്കുള്ള ഏകദിന, ട്വന്‍റി20 ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഒക്ടോബർ 19ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. രോഹിത്തിന്‍റെയും കോഹ്ലിയുടെയും ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഏവരും ഉറപ്പിച്ചിരുന്നെങ്കിലും ഏകദിനത്തിലും ശുഭ്മൻ ഗിൽ ടീമിന്‍റെ നായകനാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. ടെസ്റ്റിലും ഇപ്പോൾ ഏകദിനത്തിലും ക്യാപ്റ്റനായി മാറിയ ഗിൽ ട്വന്റി20യിൽ വൈസ് ക്യാപ്റ്റനാണ്.

Tags:    
News Summary - Rohit Sharma's 1st Reaction On Australia ODI Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.