വിരാട് കോഹ്‍ലി, ആർ. അശ്വിൻ, രോഹിത് ശർമ

രോഹിതും കോഹ്‍ലിയും അശ്വിനും കൂടുതൽ ആദരവർഹിക്കുന്നു; അവർക്കായി യാത്രയയപ്പ് ടെസ്റ്റ് നടത്തണമെന്ന് മുൻ ഇംഗ്ലീഷ് താരം

മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം കാലം ഇന്ത്യ ടെസ്റ്റ് ​ക്രിക്കറ്റിലെ ഇതിഹാസങ്ങളായി കളംവാണശേഷം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ച് അരങ്ങൊഴിഞ്ഞ വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ ത്രിമൂർത്തികൾക്കായി ബി.സി.സി.ഐയോട് അഭ്യർത്ഥനയുമായി മുൻ ഇംഗ്ലീഷ് താരം. മൂവരും കൂടുതൽ ആദരവ് അർഹിക്കുന്നവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് പൂർണമായും മതിയാക്കും മുമ്പേ അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് ബി.സി.സി.ഐ നൽകണം -മുൻഇംഗ്ലീഷ് സ്പിൻ ബൗളർ മോണ്ടി പനേസർ പറഞ്ഞു.

മൂന്ന് പ്രമുഖ താരങ്ങളുടെ കരിയർ ആഘോഷിക്കേണ്ട അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇംഗ്ലീഷ് മാതൃകയിൽ വിരമിക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ് മത്സരം അർഹിക്കുന്നുണ്ട്. ദീർഘകാലം രാജ്യത്തിനും സ്​പോർട്സിനും വേണ്ടി അവർ സമർപ്പിച്ച കരിയറിനുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് യാത്രയയപ്പ് മത്സരം -വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മോണ്ടി പനേസർ പറഞ്ഞു.

‘അശ്വിനും, രോഹിത് ശർമക്കും, വിരാട് കോഹ്‍ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവർ അത്തര​മൊരു ആദരവ് അർഹിക്കുന്നു. സ്റ്റുവർട്ട് ബ്രോഡും, ജെയിംസ് ആൻഡേഴ്സണും ഉൾപ്പെടെ താരങ്ങൾ വിരമിക്കുമ്പോൾ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ചായിരുന്നു അവർക്ക് ആദരവ് അർപ്പിച്ചത്. എന്നാൽ, ഇന്ത്യ അതിൽ വീഴ്ചവരുത്തുന്നു’ -പനേസർ പറഞ്ഞു.

കഴിഞ്ഞ വർഷം മേയിലായിരുന്നു വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ആർ. അശ്വിനും വിരമിക്കൽ പ്രഖ്യാപിച്ച് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യൻ ആരാധകരുടെ പ്രിയ താരങ്ങളായി കളംവാണ മൂവരുടെയും അപ്രതീക്ഷിത വിരമിക്കൽ ആരാധകർക്കിടയിലും നിരാശ സൃഷ്ടിച്ചിരുന്നു.

14 വർഷം ടെസ്റ്റ് കളിച്ച​ കോഹ്‍ലി 123 മത്സരങ്ങളിൽ നിന്നായി 9230 റൺസും നേടി. 30 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും ഉൾപ്പെടുന്നതാണ് കരിയർ. 67 ടെസ്റ്റ് മത്സരം കളിച്ച രോഹിത് ശർമ 4031റൺസ് നേടി. 12 സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഉൾപ്പെടുന്നു.

106 ടെസ്റ്റ് മത്സരത്തിൽ നിന്നും 537 വിക്കറ്റ് നേടിയ ആർ. അശ്വിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് പടിയിറങ്ങിയത്. രോഹിതും കോഹ്‍ലിയും ട്വന്റി20യും ടെസ്റ്റും അവസാനിപ്പിച്ചുവെങ്കിലും ഏകദിനത്തിൽ തുടരുന്നുണ്ട്. അതേസമയം, അശ്വിൻ എല്ലാ ഫോർമാറ്റും അവസാനിപ്പിച്ചു.

Tags:    
News Summary - Rohit Sharma, Virat Kohli, and R Ashwin deserved that respect -former English cricketer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.