ധ്രുവ് ജുറൽ, ഋഷഭ് പന്
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ കാളിക്കാൻ ഒരുങ്ങുന്നതിന് മുമ്പായിരുന്നു ഋഷഭ് പന്തിന് പരിശീലനത്തിനിടെ പരിക്കേറ്റത്. പരിക്ക് സാരമാണെന്ന് തിരിച്ചറിഞ്ഞതോടെ പരമ്പരക്കുള്ള 15 അംഗ ടീമിൽ നിന്നും പന്തിനെ ഒഴിവാക്കി.
നെറ്റ്സിൽ ബാറ്റിങ് പരശീലനം നടത്തുന്നതിനെ അരക്കെട്ടിൽ പന്തു കൊണ്ടായിരുന്നു പരിക്ക്. 50 മിനിറ്റോളം നീണ്ടു നിന്ന പരിശീലന സെഷനിൽ വേദന കടിച്ചുപിടിച്ചുകൊണ്ടാണ് പന്ത് പിന്നീട് കളിച്ചത്. വേദനയിൽ പുളഞ്ഞ താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കാൻ കഴിയില്ലെന്നുറപ്പായി. ഇതോടെ, പകരക്കാരനെ തേടാൻ നിർബന്ധിതനായ സെലക്ടർമാർ വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർ പ്രദേശിനായി മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറലിന് അവസരം നൽകുകയായിരുന്നു. ഡോക്ടർമാർ ഉൾപ്പെടെ വിദഗ്ധര സംഘം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പന്തിന് തുടർ മത്സരങ്ങൾ കളിക്കാനാവില്ലെന്നുറപ്പിക്കുകയായിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കായി മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ചതിനു പിന്നാലെയാണ് പന്തിനെ ന്യൂസിലൻഡിനെതിരായ പരമ്പര ടീമിൽ ഇടം നൽകിയത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിനിടെ പരിക്കേറ്റ് കളം വിട്ട പന്ത് കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലൂടെയാണ് തിരികെ വരുന്നത്.
ഇന്ത്യയുടെ മികച്ച ഏകദിന വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായ പന്ത് കാർ അപകടത്തിലെ പരിക്കിൽ നിന്നും മുക്തനായി 2024 ഐ.പി.എല്ലിലൂടെയാണ് വീണ്ടും കളത്തിൽ തിരികെയെത്തുന്നത്. എന്നാൽ, 2024 ആഗസ്റ്റിലാണ് ഇന്ത്യക്കായി അവസാനമായി ഏകദിനം കളിച്ചത്. പിന്നീട്, പരിക്കും ഫോമില്ലയ്മയും ടീമിന് പുറത്താക്കുകയായിരുന്നു. ന്യൂസിലൻഡ് പരമ്പരയിലൂടെ താരത്തിന് സ്ഥിരം ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്ക് വീണ്ടും വില്ലനാവുന്നത്.
ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയ ഇഷാൻ കിഷനെ വിളിക്കണോ, അതോ ധ്രുവിന് അവസരം നൽകണോ എന്ന സംശയങ്ങൾക്കിടെ വിജയ് ഹസാരെയിലെ പ്രകടനം കണക്കിലെടുത്ത് ധ്രുവിന് അവസരം നൽകി.
വഡോദരയിൽ നടക്കുന്ന ഒന്നാം ഏകദിന ടീമിൽ പക്ഷേ, ധ്രുവ് െപ്ലയിങ് ഇലവനിൽ ഇടം നേടിയില്ല. കെ.എൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 42 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.