റിങ്കുസിങ് കുടുംബത്തോടൊപ്പം
അലീഗഢ്: ഇന്ത്യയുടെ ടി20 താരം റിങ്കു സിങ് വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി, പക്ഷേ ഇത്തവണ ക്രിക്കറ്റ് മൈതാനത്തല്ലെന്ന് മാത്രം. 2025 ലെ ടി20 ഏഷ്യാ കപ്പ് ഇന്ത്യ നേടി ഏതാനും ദിവസങ്ങൾക്കുശേഷം, ഇടംകൈയ്യൻ ഫിനിഷർ ഏറെ സന്തോഷത്തോടെ തന്റെ സഹോദരി നേഹക്ക് ഒരു പുതിയ സ്കൂട്ടർ സമ്മാനിച്ചുകൊണ്ട് തന്റെ നേട്ടം കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്നു. ഒരു ലക്ഷം വിലയുള്ള ഈ സ്കൂട്ടർ, തന്റെ സഹോദരിയോടുള്ള നന്ദിയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ് സ്കൂട്ടർ കൈമാറിയത്.
റിങ്കുവിനൊപ്പമുള്ള തന്റെ ഫോട്ടോകളും പുതിയ ബൈക്കും നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, ‘നന്ദി റിങ്കു ഭയ്യ’എന്ന് എഴുതി. വിജയമുദ്രയുമായി നിൽക്കുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.കളിക്കളത്തിന് പുറത്തുള്ള തന്റെ പ്രവർത്തനങ്ങൾ മൂലം റിങ്കു വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. 2024 നവംബറിൽ, അലീഗഢിൽ 3.5 കോടി രൂപക്ക് ഒരു ആഡംബര മൂന്ന് നില ബംഗ്ലാവ് അദ്ദേഹം വാങ്ങി, അമ്മയോടുള്ള ബഹുമാനാർഥം അതിന് വീണ പാലസ് എന്ന് പേരുമിട്ടു.
2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ വിജയ റൺസ് അടിക്കുന്നത് റിങ്കു സിങ് സ്വപ്നം കണ്ടിരുന്നെന്നും. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ്, ഇടംകൈയ്യൻ ബാറ്റർ തന്റെ ആഗ്രഹം ഒരു ചെറിയ കാർഡിൽ എഴുതി സൂക്ഷിച്ചിരുന്നത്രേ. ടൂർണമെന്റിൽ ഒരു പന്ത് മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നെന്ന് റിങ്കു പറഞ്ഞു. ഇന്ത്യക്ക് ജയിക്കാൻ ഒരു റൺസ് ആവശ്യമായിരുന്നപ്പോൾ തനിക്ക് കിട്ടിയ ആദ്യ പന്തുതന്നെ മിഡ്-ഓണിന് മുകളിലൂടെ പറപ്പിച്ച് ഇന്ത്യക്ക് ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടവും ടി20 ഫോർമാറ്റിൽ രണ്ടാമത്തെ കിരീടവും നേടിക്കൊടുത്തു. ഹാർദിക് പാണ്ഡ്യ പേശീവലിവ് മൂലം പമൂലം പുറത്തായപ്പോഴാണ് റിങ്കുവിന് ഫൈനലിൽ കളിക്കാൻ അവസരം ലഭിച്ചത്.
ആസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരക്ക് മുന്നോടിയായി റിങ്കു ഒരു ചെറിയ ഇടവേളയിലാണ്. ഇതുവരെ 34 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 161.76 സ്ട്രൈക്ക് റേറ്റിൽ 550 റൺസ് നേടിയിട്ടുണ്ട്. ദേശീയ ടീമിനായി രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.