ഒരു പേപ്പറിലും ഒപ്പിട്ടിട്ടില്ല...; പരിശീലകനായി തുടരുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ദേശീയ ടീം പരിശീലകനായി രാഹുൽ ദ്രാവിഡിന്റെ കരാർ ദീർഘിപ്പിക്കുന്നതായി ബി.സി.സി.ഐ ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ, എത്ര വർഷത്തേക്കാണ് തുടരുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു പേപ്പറിലും ഒപ്പിട്ടിട്ടില്ലെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്.

ലോകകപ്പോടെ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ദ്രാവിഡ് തന്നെ പരിശീലകനായി തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചത്. ‘ഞാന്‍ ഇതുവരെ ബി.സി.സി.ഐയുമായി ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ല. കാലാവധിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പേപ്പറുകള്‍ ഔദ്യോഗികമായി ലഭിക്കുമ്പോൾ ഞാന്‍ ഒപ്പിടും’ -വ്യാഴാഴ്ച നടന്ന അവലോകന യോഗത്തിനു ശേഷം ദ്രാവിഡ് പ്രതികരിച്ചു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. പര്യടനത്തിലെ ഏകദിന, ട്വന്‍റി20, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം രവിശാസ്ത്രിയുടെ പിൻഗാമിയായാണ് ദ്രാവിഡ് ചുമതലയേറ്റിരുന്നത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. അടുത്തവർഷം ജൂൺ-ജൂലൈയിൽ വെസ്റ്റിൻഡീസിലും യു.എസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ദ്രാവിഡും സംഘവും തുടരും.

Tags:    
News Summary - Rahul Dravid says, ‘Haven’t yet signed a contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT