ട്വന്റി20യിൽ രോഹിതിനും കോഹ്‍ലിക്കും കാലം കഴിയുന്നോ? വലിയ സൂചനകൾ നൽകി കോച്ച് ദ്രാവിഡ്

ഫോം കണ്ടെത്താൻ വിഷമിച്ചിട്ടും ഇടമുറപ്പിച്ചു പോരുന്ന പ്രമുഖരെ ചൊല്ലിയാണിപ്പോൾ ഇന്ത്യൻ ടീമിൽ ചർച്ച. ഇളമുറക്കാർക്ക് അവസരം നൽകി ദേശീയ ടീം അഴിച്ചുപണിതാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ നിലവിലെന്ന് പറയുന്നവരുണ്ടെങ്കിലും പ്രമുഖരെ പൂർണമായി മാറ്റിനിർത്തുന്നതിനോട് ആർക്കും യോജിപ്പുണ്ടാകില്ല.

എന്നാൽ, കുട്ടിക്രിക്കറ്റിൽ രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും മാറ്റിനിർത്തുന്ന ചോദ്യം കോച്ച് തന്നെ മുന്നോട്ടുവെച്ചാലോ?

ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇരുവരും ഉൾപ്പെട്ടിരുന്നില്ല. രോഹിത് പരിക്കുമായി വിട്ടുനിന്നപ്പോൾ കോഹ്‍ലിക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. എന്നാൽ, പുതുമുറക്കാരെ വെച്ച് കരുത്തുറ്റ ടീം രൂപപ്പെടുത്തുന്നതിനെ കുറിച്ചാണിപ്പോൾ ചർച്ചയെന്ന് ​പറയുന്നു, ദ്രാവിഡ്. ഇരുവരുടെയും പേരു പറഞ്ഞില്ലെങ്കിലും ഏകദിനം, ടെസ്റ്റ് പോലുള്ളവയിലാകും ഇനി വെറ്ററൻ നിരക്ക് ഭദ്രതയെന്നാണ് സൂചന.

‘‘ഇംഗ്ലണ്ടിനെതിരെ അവസാനമായി സെമി കളിച്ച ടീമിലെ മൂന്നോ നാലോ പേർ മാത്രമാണിപ്പോൾ ഈ ഇലവനിലുള്ളത്. ട്വന്റി20യിൽ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ സമയമായി. അതുകൊണ്ടുതന്നെ നമ്മുടെത് യുവതലമുറക്ക് പ്രാമുഖ്യമുള്ള ടീമാണ്. അവർ ശ്രീലങ്കക്കെതിരെ മികച്ച കളി പുറത്തെടുക്കുന്നത് ആവേശകരമായ അനുഭവമാകും. പ്രധാന വിഷയം, ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷ് ഫൈനൽ എന്നിവയിലാണ് നമ്മുടെ ശ്രദ്ധ. അതിനാൽ, ട്വന്റി20യിൽ ഇളമുറക്കാർക്ക് അവസരം നൽകണം’’- ശ്രീലങ്കക്കെതിരായ രണ്ടാം കളി തോറ്റ ശേഷം ദ്രാവിഡ് മാധ്യമ പ്രവർത്തകരോട് പറഞ്ഞ വാക്കുകളിലുണ്ട് എല്ലാം.

അന്ന് ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനു മുന്നിൽ 10 വിക്കറ്റ് തോൽവിയുമായി മടങ്ങിയ ടീമിൽനിന്ന് ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ മാത്രമായിരുന്നു ഇലവനിലുണ്ടായിരുന്നത്. ലോകകപ്പിനു ശേഷം ന്യൂസിലൻഡിലും അതുകഴിഞ്ഞ് ശ്രീലങ്കയിലും ടീമിന്റെ നായകനായ് ഹാർദിക്. തുടർന്നും താരം തന്നെയാകും തലപ്പത്ത് എന്നുറപ്പാണ്.

പുതിയ ടീം മികച്ച പ്രകടനം പുറത്തെടുക്കാൻ ആരാധകർ കാത്തിരിക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെടുന്നുണ്ട്.

‘‘ആരും വൈഡും നോബാളും എറിയാൻ ഇഷ്ടപ്പെടുന്നില്ല. ഈ കുട്ടികളുടെ കാര്യത്തിൽ നാം ക്ഷമ കാണിച്ചേ പറ്റൂ. ഒത്തിരി ഇളമുറക്കാരുണ്ട് കളിക്കുന്നവരായി. ചിലപ്പോൾ ഇതുപോലുള്ള കളികൾ അവരിൽനിന്നുണ്ടാകും. അതുനാം മനസ്സിലാക്കിയേ പറ്റൂ. സാ​ങ്കേതികമായി അവർക്ക് സഹായം നൽകണം. പിന്തുണയുമുണ്ടാകണം. മതിയായ അന്തരീക്ഷം ഒരുക്കുകയും വേണം. അതിമിടുക്കരാണവർ. പഠിച്ചുവരുന്നവർ. രാജ്യാന്തര ക്രിക്കറ്റാകുമ്പോൾ വളർന്നുവരൽ കടുപ്പമേറിയതാകും. അതിനാൽ ക്ഷമ കാണിക്കണം’’- ദ്രാവിഡ് പറഞ്ഞു.

207 അടിച്ച ശ്രീലങ്കക്കെതിരെ ചേസ് ചെയ്ത ഇന്ത്യക്ക് പവർ​േപ്ല ഓവറുകളിൽ നാലു വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. അവസാനം അർധ സെഞ്ച്വറിയടിച്ച് സൂര്യകുമാറും അക്സർ പട്ടേലും കത്തിക്കയറിയെങ്കിലും കളി തോൽക്കുകയായിരുന്നു. ശനിയാഴ്ചയാണ് മൂന്നാം ട്വന്റി20. 

Tags:    
News Summary - Rahul Dravid hints at end of the road for Virat Kohli, Rohit Sharma in T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.