രവിചന്ദ്രൻ അശ്വിൻ സിഡ്നി തണ്ടറിൽ, ബിഗ്ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം, എന്തുകൊണ്ട് ബി.സി.സി.ഐ ഇന്ത്യൻ പുരുഷ താരങ്ങളെ വിലക്കുന്നു..?

സിഡ്നി: അന്താരാഷ്ട്ര കിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിച്ച ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിലെ സിഡ്നി തണ്ടറുമായി കരാർ ഒപ്പുവെച്ചു. രണ്ടുവർഷത്തെ കരാറാണ് ഒപ്പിട്ടത്. ഇതോടെ ബിഗ്ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അശ്വിൻ.

അശ്വിന് മുമ്പ് മുൻ ഇന്ത്യൻ അണ്ടർ 19 താരം ഉൻമുക്ത് ചന്ദ് മെൽബൺ റെനഗേഡ്സിനായി കളിച്ചിട്ടുണ്ട്. എന്നാൽ താരം ഇന്ത്യയുടെ സീനിയർ ടീമിൽ കളിച്ചിട്ടില്ല.

ഇന്ത്യയിലെ എല്ലാതരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നു വിരമിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങളെ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാൻ അനുവദിക്കൂ. ഇന്ത്യ- ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ മാസം ഐ.പി.എല്ലിൽ നിന്നും വിരമിച്ചതോടെയാണ് അശ്വിന് വിദേശ ലീഗിൽ കളിക്കാൻ അവസരമൊരുങ്ങിയത്.

വനിത താരങ്ങൾക്ക് ഈ നിയമകുരുക്ക് ഇല്ലാത്തത് കൊണ്ട് തന്നെ ഇന്ത്യൻ വനിതാ താരങ്ങളായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജമിമ റോഡ്രിഗസ് അടക്കമുള്ള താരങ്ങൾ നേരത്തെ വനിത ബി.ബി.എല്ലിൽ കളിച്ചിട്ടുണ്ട്.

ലോക്കി ഫെർഗൂസൻ, ഷദാബ് ഖാൻ, സാം ബില്ലിംഗ്സ് തുടങ്ങിയ കളിക്കാർക്കൊപ്പം അശ്വിൻ കൂടി എത്തുന്നതോടെ സിഡ്‌നി തണ്ടറിന്റെ സ്പിൻ ബൗളിംഗ് വിഭാഗം കൂടുതൽ ശക്തമാകും.

വിദേശ ലീഗുകളിൽ കളിക്കാൻ ബി.സി.സി.ഐ വിലക്ക് എന്തിന്..?

ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുവദിക്കാത്തതിന്റെ ഒരു പ്രധാന കാരണം അത് ഐ.പി.എല്ലിന്റെ മൂല്യം കുറയാന്‍ ഇടയാക്കുമെന്നതാണ്. നിലവിൽ ഇന്ത്യയിൽ കളിച്ചുകൊണ്ടിരിക്കുന്ന ആരെയും ഒരു വിദേശ ലീഗിലും പങ്കെടുക്കാൻ അനുവദിക്കില്ല. അതേസമയം, ഇന്ത്യൻ വനിത താരങ്ങൾക്ക് വിലക്കൊന്നുമില്ല.  കൂടാതെ ഐ.പി.എൽ ഫ്രാഞ്ചൈസികൾക്കും രാജ്യത്തിന് പുറത്ത് കളിക്കുന്നതിന് തടസ്സമില്ല. 

'ഐ.പി.എൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയിലേക്കോ ദുബൈയിലേക്കോ പോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ട എന്ന് പറയാൻ കഴിയില്ല. ലോകമെമ്പാടുമുള്ള ഏതെങ്കിലും ലീഗുകളിൽ അവരുടെ ടീം ഉണ്ടായിരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്'- ബി.സി.സി.ഐയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.

ഇന്ത്യൻ താരങ്ങളെ വിദേശ ക്ലബുകളിൽ കളിക്കാൻ അനുവദിക്കുന്നത് രഞ്ജിപോലുള്ള രാജ്യത്തെ ആഭ്യന്തര മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഹുൽ ദ്രാവിഡ് പറഞ്ഞത്.

Tags:    
News Summary - R Ashwin joins Sydney Thunder: Examining why BCCI doesn’t allow India cricketers to play in leagues like BBL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.