ക്രിക്കറ്റ് മത്സരത്തിനിടെ വിക്കറ്റെടുത്തശേഷം പാകിസ്താൻ സ്പിന്നർ അബ്രാർ അഹ്മദ് നടത്തുന്ന ആഘോഷം എതിരാളികളെ ചൊടിപ്പിക്കാറുണ്ട്. രണ്ട് കൈയും കെട്ടിക്കൊണ്ട്, ഗാലറിയിലേക്ക് മടങ്ങൂ എന്ന അർഥത്തിലുള്ള ആംഗ്യപ്രകടനമാണ് താരം നടത്താറുള്ളത്.
ഏഷ്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത്യൻ താരങ്ങളുടെ വിക്കറ്റെടുത്തും അബ്രാർ സമാന രീതിയിൽ ആഘോഷം നടത്തിയിരുന്നു. ഫൈനലിൽ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയ ശേഷവും പാക് താരം തന്റെ പതിവ് വിക്കറ്റ് ആഘോഷം നടത്തി. മത്സര ശേഷം കണക്കിന് കളിയാക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ മറുപടി നൽകിയത്. ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് അബ്രാറിനെ ട്രോളുന്നത്. സഞ്ജുവിനെ മുന്നില്‍ നിര്‍ത്തി, അബ്രാറിന്റെ തലകൊണ്ടുള്ള ആംഗ്യം പുറത്തെടുക്കുകയായിരുന്നു മൂവരും.
ഇതിന്റെ ദൃശ്യങ്ങള്‍ 'നോ കോണ്‍ടെക്സ്റ്റ്' എന്ന ക്യാപ്ഷനോടെ അര്‍ഷ്ദീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി. ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ ബോക്സിങ് മത്സരത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് അബ്രാർ. ഒരു പാകിസ്താനി യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് അബ്രാറിന്‍റെ വെല്ലുവളി. ഏത് ക്രിക്കറ്റ് താരത്തെയാണ് ബോക്സിങ് റിങ്ങിൽ നേരിടാൻ ആഗ്രഹിക്കുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിനാണ് 27കാരൻ അബ്രാർ ഒരുമടിയും കൂടാതെ ശിഖർ ധവാന്‍റെ പേര് പറയുന്നത്.
‘ബോക്സിങ് മത്സരത്തിൽ ആരുമായാണ് ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നത്? ആരോടാണ് ദേഷ്യം?’ -എന്നായിരുന്നു ചോദ്യം. ശിഖർ ധവാനെ ബോക്സിങ് റിങ്ങിൽ മുന്നിൽ കിട്ടണം എന്നായിരുന്നു അബ്രാറിന്‍റെ മറുപടി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിലെ വിവാദങ്ങൾക്കു പിന്നാലെയുള്ള അബ്രാറിന്‍റെ പ്രസ്താവന ക്രിക്കറ്റ് മൈതാനത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള വൈര്യത്തിന് കൂടുതൽ എരിവ് പകരുന്നതാണെന്ന് വിമർശനമുണ്ട്.
ദുബൈയിൽനടന്ന ഏഷ്യ കപ്പ് ഫൈനലിൽ അഞ്ചു വിക്കറ്റിന് പാകിസ്താനെ തകർത്താണ് ഇന്ത്യ കിരീടം നേടിയത്. അബ്രാറിന്‍റെ വാക്കുകളോട് ശിഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച 39കാരനായ ശിഖർ, മെന്‍ററായും അവതാരകനുമായി ക്രിക്കറ്റ് മൈതാനത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.