വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശിയുടെ അസാമാന്യ ബാറ്റിങ് മികവിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയാകാൻ തുടങ്ങിയത് ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിലാണ്. 13കാരനായ വൈഭവിനെ 1.1 കോടി രൂപക്ക് രാജസ്ഥാൻ ക്യാമ്പിലെത്തിച്ചപ്പോൾ, ആരാധകർ അൽപം അമ്പരന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ താരം സെഞ്ച്വറി നേടിയതോടെ അമ്പരപ്പ് ആവേശത്തിലേക്ക് മാറി. അനുഭവ സമ്പന്നരായ ബൗളർമാരെ നിർദാക്ഷിണ്യം ശിക്ഷിച്ച വൈഭവ് 35 പന്തിലാണ് സെഞ്ച്വറിയടിച്ചത്.
ആ തീപ്പൊരി പിന്നീട് ഇംഗ്ലണ്ടിലും ഏറ്റവുമൊടുവിൽ ആസ്ട്രേലിയയിലും ആളിക്കത്തി. അണ്ടർ 19 ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയ താരം 78 പന്തിൽ 143 റൺസും ആസ്ട്രേലിയക്കെതിരെ 62 പന്തിൽ 104ഉം അടിച്ചെടുത്തതോടെ താരത്തിന്‍റെ ഫാൻബേസ് പല മടങ്ങായി. ഐ.പി.എല്ലിൽ മിന്നുംപ്രകടനം കാഴ്ചവെച്ച വൈഭവിന്‍റെ പ്രായം 14 ആണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഓസീസ് മുൻതാരം മാത്യു ഹെയ്ഡൻ പറഞ്ഞെന്ന് ഓർത്തെടുക്കുകയാണ് ഇന്ത്യയുടെ മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി.
“അന്ന് ജയ്പുരിലെ ആ മത്സരത്തിന് ഞാൻ കമന്‍റേറ്ററായിരുന്നു. ഒമ്പത്, പത്ത് ഓവർ ആയപ്പോഴേക്കും വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. പരിചയ സമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമയെയും നിസാരമായാണ് അയാൾ നേരിട്ടത്. എക്സ്ട്രാ കവറിനും മിഡ് വിക്കറ്റിനും മുകളിലൂടെ പത്ത് ബൗണ്ടറികൾ അപ്പോഴേക്കും നേടിയിരുന്നു. എനിക്കൊപ്പം മാത്യു ഹെയ്ഡൻ അവിടെയുണ്ടായിരുന്നു. 14 വയസ്സുള്ള പയ്യനാണതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ‘അയാൾക്ക് പ്രായം 14 ആകാൻ വഴിയില്ല’ എന്നായിരുന്നു ഹെയ്ഡന്‍റെ പരാമർശം.
നിലവിൽ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് വൈഭവ് കടന്നുപോകുന്നത്. ഇത്ര കുഞ്ഞുപ്രായത്തിൽ വലിയ കളിമികവാണ് അയാൾ കാഴ്ചവെക്കുന്നത്, ഒരുപക്ഷേ സചിനെപ്പോലെ. അടുത്ത രണ്ടുമൂന്ന് വർഷം അദ്ദേഹത്തിന് കൃത്യമായ പരിശീലനവും മാർഗനിർദേശവും ലഭിക്കണം. വലിയ ആത്മവിശ്വാസമുണ്ടെങ്കിലും എല്ലായ്പ്പോഴും കാര്യങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റിയേക്കില്ല. ചിലപ്പോഴെല്ലാം പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അയാളെ പറഞ്ഞുമനസിലാക്കണം. അതിൽ നിരാശപ്പെടരുത്. ചെയ്യുന്ന കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കാൻ അയാളെ പ്രചോദിപ്പിക്കണം” -ലിസ്നർ സ്പോർട് പോഡ്കാസ്റ്റിൽ രവി ശാസ്ത്രി പറഞ്ഞു.
പ്രതിഭയുടെ കാര്യത്തിൽ സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങളുമായി വൈഭവിനെ താരതമ്യം ചെയ്യുന്നവരുണ്ട്. എന്നാൽ അത്തരത്തിലുള്ള താരതമ്യത്തിന് സമയമായിട്ടില്ലെന്നും അനാവശ്യ സമ്മർദം കൊടുക്കരുതെന്നും ശാസ്ത്രി പറയുന്നു. കൗമാര പ്രായത്തിൽ പ്രതിഭാധനരായി ക്രിക്കറ്റിലെത്തുകയും പിന്നീട് കരിയർ ഒന്നുമല്ലാതാകുകയും ചെയ്ത നിരവധി താരങ്ങൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ വൈഭവിന് മികച്ച പിന്തുണയും അവസരങ്ങളും നൽകി ഉയർത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.