അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഇടങ്കൈ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സ്ഥിരതയോടെ പന്തെറിയുന്ന കുൽദീപിനെ ബെഞ്ചിലിരുത്തിയ ടീം മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അടുത്തിടെയായി ഏകദിനത്തിലും ട്വന്‍റി20 ക്രിക്കറ്റിലും ഇന്ത്യയുടെ വിജയത്തിൽ കുൽദീപിന്‍റെ പന്തുകൾക്ക് നിർണായക റോളുണ്ടായിരുന്നു. മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാനുള്ള താരത്തിന്‍റെ മികവായിരുന്നു ഇന്ത്യയുടെ കരുത്ത്, പ്രത്യേകിച്ച് സ്പിൻ സൗഹൃദ പിച്ചുകളിൽ. അഡലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ രണ്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.
ഓസീസ് ബൗളർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ബൗളിങ്ങിന് മൂർച്ച കുറവായിരുന്നു. സ്പെഷലിസ്റ്റ് സ്പിന്നർമാരായി പ്ലെയിങ് ഇലവനിൽ കളിച്ചവർക്കൊന്നും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഓസീസിനായി സ്പിന്നർ ആഡം സാമ്പ നാലു വിക്കറ്റെടുക്കുകയും ചെയ്തു. കുൽദീപിനെ കളിപ്പിക്കാത്തതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തി. മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരത്തെ നിർബന്ധമായും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പ്രതികരിച്ചു.
‘ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയുള്ള, മാച്ച് വിന്നറായ ഒരു കളിക്കാരൻ ടീമിലുണ്ടെങ്കിൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും ലോകകപ്പിന് മുമ്പുള്ള എല്ലാ മത്സരങ്ങളിലും താരത്തെ നിർബന്ധമായും കളിപ്പിക്കണം.
താരത്തിന്‍റെ ആത്മവിശ്വാസവും താളവും നിലനിർത്തണം’ -വസീം എക്സിൽ കുറിച്ചു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അഹങ്കാരമാണ് കുൽദീപിനെ കളിപ്പിക്കാത്തതിനു പിന്നിലെന്ന് ഒരു ആരാധകൻ എക്സിൽ കുറിച്ചു.
കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കണമെന്നും ആരാധകൻ ആവശ്യപ്പെട്ടു. കുൽദീപിനെ ബെഞ്ചിലിരുത്തിയത് വലിയ വിഡ്ഢിത്തമാണെന്ന് മറ്റൊരു ആരാധകൻ വിമർശിച്ചു. ആദ്യ ഏകദിനത്തിലും കുൽദീപിനെ കളിപ്പിച്ചിരുന്നില്ല. ശശി തരൂർ എം.പിയും കുൽദീപിനെ പുറത്തിരുത്തിയ തീരുമാനത്തെ വിമർശിച്ച് രംഗത്തുവന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ കുൽദീപിനെ ഒഴിവാക്കാൻ പാടില്ലായിരുന്നെന്നും അഡലെയ്ഡിൽ കളിപ്പിക്കാത്തത് വലിയ അസംബന്ധമാണെന്നും തരൂർ എക്സിൽ കുറിച്ചു.
ഓസീസ് പേസർ സേവ്യർ ബാർട്ട്‍ലെറ്റ് വെറും നാല് പന്തുകൾ കൊണ്ടാണ് ടീമിലെ മാച്ച് വിന്നറായ കുൽദീപിനെ ഒഴിവാക്കി ഹർഷിത് റാണയെ പോലൊരു പേസറെ കളിപ്പിച്ചതിലെ മണ്ടത്തരം കാണിച്ചുകൊടുത്തതെന്നും തരൂർ പരിഹസിച്ചു.
ഈ മത്സരത്തിൽ കുൽദീപിനെ നിർബന്ധമായും കളിപ്പിക്കണമായിരുന്നെന്ന് മുൻതാരം ഇർഫാൻ പത്താൻ പറഞ്ഞു. താരം കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നെന്നും പവർ പ്ലെയിൽ പതിവായി രണ്ടു വിക്കറ്റുകൾ നഷ്ടമാകുന്നത് ടീമിനെ സഹായിക്കില്ലെന്നും കൂപ്പർ കൊനോലി ആസ്ട്രേലിയൻ ക്രിക്കറ്റിന്‍റെ ഭാവി താരമാണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.
മുൻ സ്പിന്നർ ആർ. അശ്വിനും രൂക്ഷമായാണ് പ്രതികരിച്ചത്. രാഷ്ട്രീയ പാർട്ടികൾക്കു സമാനമായാണ് ഗംഭീർ ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ വിക്രാന്ത് ഗുപ്ത പരിഹസിച്ചു. ‘നിനക്ക് രണ്ട്-എനിക്ക് രണ്ട് എന്ന അടിസ്ഥാനത്തിലാണ് താരങ്ങളെ കളിപ്പിക്കുന്നത്. ആഡം സാമ്പ നാലു വിക്കറ്റെടുത്തു, ഈ സമയം ഇന്ത്യയുടെ മികച്ച സ്പിന്നർ കുൽദീപ് യാദവ് ബെഞ്ചിലിരിക്കുകയായിരുന്നു’ -ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.