ബി.സി.സി.ഐയുടെ ഇംപീച്ച്മെന്റ് ഭീഷണി; ഏഷ്യ കപ്പ് ട്രോഫി യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കൈമാറി നഖ്‌വി

ദുബൈ: ബി.സി.സി.ഐയുടെ ഭീഷണി ശക്തമായതോടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റ് മുഹ്സിൻ നഖ്‌വി ഏഷ്യകപ്പ് ട്രോഫി യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട്. ഏഷ്യകപ്പ് ഫൈനലിൽ ജേതാക്കളായ ഇന്ത്യക്ക് നൽകേണ്ടിയിരുന്ന ട്രോഫിയുമായി സ്ഥലംവിട്ട എ.സി.സി അധ്യക്ഷനെ ഇംപീച്ച് ചെയ്യാൻ ബി.സി.സി.ഐ നടപടികൾ ആരംഭിച്ചിരുന്നു. 

പാക് മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ എ.സി.സി അധ്യക്ഷനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെയാണ് ട്രോഫിയുമായി നഖ്‌വി സ്ഥലം വിട്ടത്.

അധ്യക്ഷന്റെ നടപടി എ.സി.സി പെരുമാറ്റചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ രംഗത്തുവരികയായിരുന്നു. ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തേക്ക് കിരീടം കൊണ്ടുവരാൻ നഖ്‌വിയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.

വേണമെങ്കിൽ ഔദ്യോഗികമായി നടത്തുന്ന ചടങ്ങിൽ തന്‍റെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കാമെന്ന് നഖ്വി നിർദേശം വെച്ചെങ്കിലും ഇന്ത്യ തള്ളി.

നഖ്‌വി അതിരുവിടുകയാണെന്ന് പറഞ്ഞ ബി.സി.സി.ഐ എ.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തു. നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ തിരിച്ചടി ഉണ്ടാകുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ഏഷ്യകപ്പ് യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട് വരുന്നത്. എന്നാൽ, ട്രോഫി എപ്പോൾ ഇന്ത്യക്ക് കൈമാറുമെന്നതിൽ വ്യക്തമായ സ്ഥിരീകരണം വന്നിട്ടില്ല.

ചൊവ്വാഴ്ച നടന്ന എ.സി.സിയുടെ വെര്‍ച്വല്‍ യോഗത്തില്‍, ബി.സി.സിഐ പ്രതിനിധികളായ രാജീവ് ശുക്ലയും ആശിഷ് ഷെലാറുമാണ് നഖ്‌വിക്കെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു. യോഗത്തിൽ നഖ്വി ബി.സി.സി.ഐയോട് ക്ഷമാപണം നടത്തിയെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത് നഖ്‌വി തള്ളി. ഇന്ത്യൻ മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ പ്രചാരണമാണെന്നും പറഞ്ഞു.

എട്ട് ടീമുകൾ അണിനിരന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ജേതാക്കളായത്. മൈതാനത്തെ മത്സരം അവസാനിച്ചിട്ടും പുറത്തെ അധികാര മത്സരം തുടരുകയാണ്. എ.സി.സി ചെയർമാൻ എന്നതിനപ്പുറം, പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റും നഖ്‌വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ടീം ട്രോഫി സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. 45 മിനിറ്റ് വൈകി ആരംഭിച്ച പ്രസന്‍റേഷൻ സെറിമണിയിൽ, പാകിസ്താൻ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചിരുന്നു.

 

Tags:    
News Summary - Mohsin Naqvi Hands Over Trophy To UAE Board Amid BCCI's Impeachment Threat: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.