മുംബൈ: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തിരിച്ചുവരുന്നു. പരിക്കിൽ നിന്ന് മുക്തനായ ഷമി വൈകാതെ ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. അടുത്ത മാസമായിരിക്കും താരത്തിന്റെ തിരിച്ചുവരവ്. 2025 മാർച്ചിൽ പരിക്കിനെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും മാറിനിന്നത്.
ഇപ്പോൾ അടുത്ത് നടക്കാനിരിക്കുന്ന ആഭ്യന്തര സീസണിൽ ബംഗാൾ ടീമിൽ കളിക്കാൻ പോകുന്ന താരങ്ങളുടെ ലിസ്റ്റിൽ ഷമിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ആഗസ്റ്റ് 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ ഷമി കളിക്കും.
64 ടെസ്റ്റുകളിലും 108 ഏകദിനങ്ങളിലും 25 ട്വന്റി 20 മത്സരങ്ങളിലും ഷമി ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനും ഷമിക്ക് കഴിഞ്ഞു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. എന്നാൽ, ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജേഴ്സിയണിഞ്ഞ ഷമിക്ക് മികച്ച പ്രകടനം നടത്താനായില്ല.
പ്ലേ ഓഫ് കാണാതെ സൺറൈസേഴ്സ് ഹൈദരാബാദ് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് മാത്രമാണ് ഷമിക്ക് നേടാനായത്. 11.23 ആയിരുന്നു ഷമിയുടെ ഇക്കോണമി റേറ്റ്. തുടർന്ന് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമി കളിച്ചിരുന്നില്ല. ഷമി പരിക്കുമൂലം ടൂർണമെന്റിൽ കളിക്കില്ലെന്നായിരുന്നു സെലക്ടർമാരിലൊരളായ അജിത് അഗാർക്കർ പറഞ്ഞത്.
ഷമിക്ക് ടൂർണമെന്റിൽ കളിക്കാനാവില്ലെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്. എം.ആർ.ഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഷമിക്ക് കണ്ടെത്തുകയായിരുന്നു. ഷമിയെ പോലൊരു ബൗളറെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സെലക്ടർമാരിലൊരാളായ അജിത് അഗാർക്കർ പറഞ്ഞിരുന്നു. 2024ലും ഷമി പരിക്കുമൂലം ടീമിന് പുറത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.