വയനാട്ടിൽ രഞ്ജി കാണാനെത്തുന്നത് നൂറുകണക്കിന് കാണികൾ, അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാൻ ആളില്ല, നാണക്കേടിൽ ബി.സി.സി.ഐ

അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇഷ്ട ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ കളി കാണാൻ ആളില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് അഹ്മദാബാദിലെ ന​രേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആളില്ലാ ഗാലറിക്കു കീഴെ നടക്കുന്നത്.

ഗാലറിയിൽ വിരലിലെണ്ണാവുന്ന കാണികൾ മാത്രമാണ് ഒന്നാം ടെസ്റ്റ് കാണാൻ എത്തിയിട്ടുള്ളത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരളത്തിന്റെ രഞ്ജി മത്സരം കാണാനുണ്ടാകാറുള്ള കാണികളുടെ നാലിലൊന്നുപോലും അഹ്മദാബാദിലെ ടെസ്റ്റ് മത്സരത്തിനില്ല. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുന്നതുപോലുള്ള അനുഭവമാണ് ടെലിവിഷനിൽ കളി കാണുമ്പോഴുള്ളത്. ഒരു പ്രാക്ടീസ് മത്സരം കാണുന്ന ഫീലാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റിനുള്ളതെന്ന് ഒഴിഞ്ഞ ഗാലറിയിരുന്ന് കളി കാണുന്ന ആരാധകരിൽ ഒരാൾ സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.

‘ആഭ്യന്തര മത്സരങ്ങളിലെ ലീഗ് മത്സരങ്ങൾക്ക് പോലും അഹ്മദാബാദിലെ മൊടേര സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റിനേക്കാൾ മികച്ച ജനക്കൂട്ടമുണ്ട്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ഏറ്റവും മോശം സ്റ്റേഡിയമാണിത്. ഐ.പി.എൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ മാത്രമേ ഇത് പറ്റൂ. ഒരു ടെസ്റ്റ് മത്സരത്തിന് ഇത്രയും തണുത്തുറഞ്ഞ അന്തരീക്ഷം നൽകാൻ ഈ സ്റ്റേഡിയത്തിന് മാത്രമേ കഴിയൂ’ -ബിശ്വജിത് എന്ന ആരാധകൻ രൂക്ഷ വിമർശനമുയർത്തുന്നു.

ബി.സി.സി.ഐ മത്സരവേദികൾ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡങ്ങൾ ഇതോടെ കടുത്ത രീതിയിൽ വിമർശിക്കപ്പെട്ടു തുടങ്ങുകയാണ്. ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷിപ്പിക്ക​പ്പെടുന്ന ഇന്ത്യയിൽ, ലക്ഷം പേർക്കിരിക്കാവുന്ന ഗാലറിയിൽ അഞ്ഞൂറു പേരു പോലുമില്ലാത്തത് ബോർഡിന് നാണക്കേടായിരിക്കുകയാണ്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ക്രിക്കറ്റ് ബോർഡ് പാർട്ടിയുടെ വരുതിയിലാണിപ്പോൾ.

ക്രിക്കറ്റുമായി പൂർവകാലത്ത് ഒരു ബന്ധവുമില്ലാതിരുന്ന ജെയ് ഷാ ബി.സി.സി.ഐ സെക്രട്ടറി പദവിയിൽനിന്ന് ഇ​പ്പോൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) തലവനായി വളർന്നിരിക്കുന്നു. കേ​ന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ എന്ന വിലാസത്തിലാണ് ജെയ് ഷായുടെ വളർച്ച. ചെപ്പോക്കിനെയും ഈഡൻ ഗാർഡനെയും വാംഖഡെയെയുമൊക്കെ പിന്തള്ളി അഹ്മദാബാദിന് പ്രാമുഖ്യം ലഭിച്ചത് ഇതിനുശേഷമാണ്. ഈ അന്യായ പരിഗണനക്കേറ്റ തിരിച്ചടി കൂടിയാണ് ഒഴിഞ്ഞ ഗാലറിയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരുപക്ഷേ, ഏറ്റവും കുറച്ച് കാണികളെത്തിയ രാജ്യാന്തര മത്സരം കൂടിയായിരിക്കാം ഇന്ത്യ-വിൻഡീസ് മത്സരം. ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിന് സ്വീകാര്യത കുറഞ്ഞുവരുന്നതും കാണികളുടെ വിമുഖതയ്ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.

ഇതോടെ ടെസ്റ്റ് മത്സരങ്ങൾ ചില വേദികളിൽ മാത്രമായി നിജ​പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് വേദികളിൽ മുൻനിരയിലുള്ള കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടി​​ല്ലെന്ന് റാസി എന്ന ​ക്രിക്കറ്റ് ആരാധകൻ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റ് ക്രിക്കറ്റ് രാജ്യത്തെ പ്രമുഖ അഞ്ചു വേദികളിൽ മാത്രമായി നിശ്ചയിക്കണമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ആവശ്യമുന്നയിച്ചത് മിക്കവരും ചൂണ്ടിക്കാട്ടുന്നുണ്ട്. ട്വന്റി20, ഏകദിന മത്സരങ്ങൾ സ്റ്റേറ്റ് അസോസിയേഷനുകൾക്ക് റൊട്ടേഷൻ അനുസരിച്ച് നൽകണമെന്നും ടെസ്റ്റ് മത്സരങ്ങൾ അഞ്ചു വേദികളിൽ മാത്രമായി നിജപ്പെടുത്തണമെന്നുമായിരുന്നു കോഹ്‍ലിയുടെ ആവശ്യം. ഇംഗ്ലണ്ടും ആസ്ട്രേലിയയുമൊക്കെ ഇതാണ് ചെയ്യുന്നത്.

‘ഈ ഒഴിഞ്ഞ സ്റ്റേഡിയം എല്ലാം പറയുന്നുണ്ട്. ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ക്രിക്കറ്റ് എങ്ങനെ വളരുന്നു എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നു. ഇന്നത്തെ ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റുമായി അതിനെ താരതമ്യം ചെയ്യാം. ഇതൊരു പരിശീലന മത്സരം പോലെ തോന്നുന്നു’ -നവൽദീപ് സിങ് എന്ന ആരാധകൻ കുറിച്ചതിങ്ങനെ.

‘റാങ്കിങ്ങിൽ നമ്മളേക്കാൾ താഴെയുള്ള ടീമുമായി കളിക്കേണ്ടി വരുന്ന പക്ഷം, ടെസ്റ്റ് മത്സരം കാണാൻ ആളുകളെത്തുന്ന സ്റ്റേഡിയത്തിൽ കളിക്കണമായിരുന്നു. നിശ്ചിത ടെസ്റ്റ് വേദികൾ വേണമെന്ന വിരാട് കോഹ്‍ലിയുടെ നിർദേശം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദ്. ഇത്രയും വലിയ മൈതാനത്ത് റാങ്കിങ്ങിൽ താഴെയുള്ള ടീമിനെതിരെ കളിക്കുമ്പോൾ ഗാലറി തീർത്തും ശൂന്യമാകുന്നു. ട്വന്റി20 മത്സരങ്ങൾക്ക് അഹമ്മദാബാദ് നല്ലതാണ്. മികച്ച ടീമിനെതിരെ പോലും ഇവിടെ ടെസ്റ്റ് കളിക്കാൻ പാടില്ല’ -ക്രിക്കറ്റ് നിരീക്ഷകനായ കാർത്തിക് കണ്ണൻ പറയുന്നു.

ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, മുംബൈ, പുണെ, നാഗ്പൂർ, ഡൽഹി, ധർമശാല, വിശാഖപട്ടണം എന്നിവ സ്ഥിരം ടെസ്റ്റ് വേദികളായി നിശ്ചയിക്കണമെന്നും കാർത്തിക് നിർദേശിക്കുന്നു. 


Tags:    
News Summary - Low attendance at India vs West Indies Test in Ahmedabad sparks debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.