കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ, സെമിയിൽനിന്ന് പിന്മാറി; പാകിസ്താൻ ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ബെർമിങ്ഹാം: ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ. സെമി മത്സരത്തിൽനിന്ന് ഇന്ത്യ പിന്മാറി.

ഇതോടെ പാകിസ്താൻ ഫൈനലിലെത്തി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും ഭീകരതയെ പിന്തുണക്കുന്ന അയൽ രാജ്യത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധവും കളത്തിൽ പ്രകടിപ്പിച്ചാണ് ശിഖർ ധവാനും യുവരാജ് സിങ്ങും ഉൾപ്പെടെ താരങ്ങൾ വീണ്ടും കളി ബഹിഷ്‍കരണം പ്രഖ്യാപിച്ചത്. നേരത്തെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെതിരായ മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.

രാജ്യമാണ് വലുത്, അതിന് മുകളിൽ മറ്റൊന്നുമില്ലെന്നും, പാകിസ്താനെതിരെ കളിക്കിലെന്നുമുള്ള ശിഖർ ധവാന്റെ പ്രഖ്യാപനത്തിനു പിന്നാലെ സഹതാരങ്ങളും അതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് ജൂലൈ 20ന് ഷെഡ്യുൾ ചെയ്ത ആദ്യ മത്സരം സംഘാടകർ ഒഴിവാക്കിയത്.

നിലവിൽ അഞ്ച് കളിയിൽ നാലും ജയിച്ച പാകിസ്താൻ ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിൽ പ്രവേശിച്ചത്. ഒരു ജയവും, മൂന്ന് തോൽവിയും വഴങ്ങിയ ഇന്ത്യ മൂന്ന് പോയന്റുമായി നാലാം സ്ഥാനക്കാരായി സെമിയിൽ ഇടം നേടുകയായിരുന്നു.

ചൊവ്വാഴ്ച നടന്ന അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു ആശ്വാസജയം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144റൺസെടുത്തപ്പോൾ, ഇന്ത്യ സ്റ്റുവർട്ട് ബിന്നിയുടെ അതിവേഗ അർധസെഞ്ച്വറി (21 പന്തിൽ 50) ബലത്തിൽ 13.2 ഓവറിൽ വിജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് കഷ്ടിച്ച് കടന്നു കൂടിയത്. റൺറേറ്റിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനെ മറികടന്ന് മുന്നേറാൻ ഇന്ത്യയെ സഹായിച്ചു.

ഇന്ത്യ പിന്മാറിയതോടെ പാകിസ്താൻ നേരിട്ട് ഫൈനലിലെത്തി. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും ഏറ്റുമുട്ടും. മുൻകാല സൂപ്പർതാരങ്ങളായ യുവരാജ് സിങ്, ശിഖർ ധവാൻ, ഹർഭജൻസിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി രായുഡു, സ്റ്റുവർട് ബിന്നി എന്നിവരെല്ലാം ഇന്ത്യക്കായി കളിക്കാനിറങ്ങിയിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലെ രാഷ്ട്രീയ-നയതന്ത്ര സാഹചര്യങ്ങൾ കലുഷിതമായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ക്രിക്കറ്റിനെയും ബാധിച്ചു. നിലവിൽ ഐ.സി.സി ടൂർണമെന്റിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ഐ.സി.സി അംഗീകാരമില്ലാതെ നടത്തുന്ന സ്വകാര്യ ടൂർണമെന്റാണ്.

Tags:    
News Summary - Legends Cricket Championship: Indian players withdraw; Pakistan in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.