തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിന്റെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന ഈ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
കായിക മേഖലയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് സ്കീമിന്റെ അടിസ്ഥാനത്തിലും ഭൂനിയമത്തിൽ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് കെ.സി.എ വിഭാവനം ചെയ്യുന്നത്.
14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെ.സി.എ നിർമിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും.
എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയർ അമെനിറ്റീസും ഉറപ്പാക്കി ഗുണനിലവാരമുള്ള സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സർക്കാർ സ്കീം നിലവിൽ വരുന്നതോടുകൂടി സർക്കാരുമായി ചേർന്ന് കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതിനും തീരുമാനമായി. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയം ദീർഘകാല പാട്ടത്തിന് എടുക്കും. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ ക്രിക്കറ്റിനും ഫുട്ബോളിനും മറ്റു കായിക ഇനങ്ങൾക്കും വേണ്ടി സജ്ജീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്കാൻ സർക്കാരുമായി തുടർചർച്ചകൾ നടത്താൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു.
വനിതാ ക്രിക്കറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും. വനിതാ താരങ്ങൾക്ക് കൃത്യമായ മത്സരവേദികൾ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
യുവപ്രതിഭകളെ കണ്ടെത്തുന്നതിനും ശാസ്ത്രീയ പരിശീലനം നൽകുന്നതിനുമായി പ്രത്യേക ‘കെ.സി.എ ക്രിക്കറ്റ് അക്കാദമികൾ’ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിക്കും.
നിലവിലുള്ള ഹൈ പെർഫോമൻസ് സെന്ററിനെ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. അത്യാധുനിക പരിശീലന സൗകര്യങ്ങൾ, സ്പോർട്സ് സയൻസ് ലാബുകൾ, ഫിറ്റ്നസ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ, വിദഗ്ധരായ പരിശീലകരുടെ സേവനം എന്നിവ ഉറപ്പാക്കി താരങ്ങളെ ദേശീയ-അന്തർദേശീയ പ്രകടനം പുറത്തെടുക്കാൻ പ്രാപ്തരാക്കും.
സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് സ്കീം പ്രഖ്യാപിക്കുകയും ഭൂ നിയമത്തിൽ ഇളവ് അനുവദിക്കുകയും ചെയ്ത സർക്കാരിനെയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, കായിക മന്ത്രി എന്നിവരെയും അസോസിയേഷൻ അഭിനന്ദിച്ചു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെ.സി.എ മുൻ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി. നായർ ആണ് പുതിയ പ്രസിഡന്റ്. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി. ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.