ജെമീമ റോഡ്രിഗസ്, ദീപിക പദുക്കോൺ

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ ജയത്തിൽ നിർണായക ഇന്നിങ്സായിരുന്നു ജെമീമ റോഡ്രിഗസിന്‍റേത്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ താരം, ഇന്ത്യക്ക് ഫൈനൽ ബർത്ത് ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ 134 പന്തിൽ പുറത്താകാതെ 127 റൺസാണ് ജെമീമ നേടിയത്. ജയത്തിനു പിന്നാലെ വികാരനിർഭരയായി പ്രതികരിച്ച ജെമീമ, ടൂർണമെന്‍റിന് മുമ്പ് താൻ അനുഭവിച്ച മാനസിക പ്രയാസവും പങ്കുവെച്ചു. ഉത്കണ്ഠയോട് പൊരുതിയിരുന്നയാളാണ് താനെന്നാണ് ജെമീമ പറഞ്ഞത്. താരത്തിന്‍റെ തുറന്നുപറച്ചിലിനെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണും രംഗത്തെത്തി.

“ഇപ്പോൾ ഇതുകാണുന്ന ആരെങ്കിലുമൊക്കെ എന്നെപ്പോലെ ഈ അവസ്ഥയിൽ കടന്നുപോകുന്നുണ്ടാകാം. എന്നാൽ, തുറന്നുപറയാൻ അവർ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ടൂർണമെന്റിന്‍റെ തുടക്കത്തിൽ കടുത്ത ഉത്കണ്ഠയിലൂടെയാണ് ഞാൻ കടന്നുപോയത്. അമ്മയെ വിളിച്ച് കരയുമായിരുന്നു. ഒരുപാട് കരഞ്ഞ് വിഷമം തീർക്കും. കാരണം ഉത്കണ്ഠയിലൂടെ കടന്നുപോകുമ്പോൾ മരവിപ്പാണ് അനുഭവപ്പെടുക. എന്ത് ചെയ്യണമെന്ന് മനസ്സിലാകില്ല. ആ സമയത്തൊക്കെയും മാതാപിതാക്കളാണ് ഏറ്റവുമധികം പിന്തുണച്ചത്.

സഹതാരമായ അരുന്ധതി റെഡ്ഡി ഞാൻ കരയുന്നത് എല്ലാദിവസവും കാണും. പിന്നീട് നീ എന്റെ മുമ്പിൽ വരേണ്ട, ഞാൻ കരയാൻ തുടങ്ങും എന്ന് തമാശയോടെ പറഞ്ഞിരുന്നു. പക്ഷേ ഓരോ ദിവസവും അരുന്ധതി എന്റെ അവസ്ഥ അന്വേഷിച്ചു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സഹായിച്ചു. ഞാൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്മൃതിക്കും അറിയാമായിരുന്നു. നെറ്റ് സെഷനുകൾക്ക് ശേഷം സ്മൃതി അരികെ വന്നുനിൽക്കും. പ്രത്യേകിച്ച് ഒന്നും സംസാരിക്കില്ല. പക്ഷേ ആ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവൾക്ക് അറിയമായിരുന്നു.

രാധാ യാദവും കരുതലുമായി കൂടെയുണ്ടായിരുന്നു. ടീമിൽ കുടുംബം എന്ന് വിളിക്കാനാവുന്ന സുഹൃത്തുക്കൾ ഉള്ളതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇത്തരമൊരു അവസ്ഥ ഒറ്റക്ക് അതിജീവിക്കേണ്ട സാചര്യമുണ്ടായില്ല. സഹായത്തിന് എല്ലാവരുമെത്തി. എന്‍റെ അമ്മയും എന്നെപ്പോലെയാണ്. കുടുംബത്തിൽ എല്ലാവർക്കും അറിയാം. എനിക്ക് ഒന്നിനും സാധിക്കില്ലെന്ന് കരുതി നിരാശപ്പെട്ടിരുന്നപ്പോഴും അവർ എന്നിൽ വിശ്വസിച്ചു” -ജെമീമ പറഞ്ഞു.

ഉത്കണ്ഠയേക്കുറിച്ച് തുറന്നുപറഞ്ഞ ജെമീമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ദീപിക ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. നിങ്ങളുടെ കഥ പങ്കുവെച്ചതിന് നന്ദി എന്നാണ് ദീപിക കുറിച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിക്കുന്നയാളാണ് ദീപിക.

 

Tags:    
News Summary - Jemimah Rodrigues opens up on dealing with anxiety during Women’s World Cup, Deepika Padukone thanks her for ‘sharing’ her story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.