ബുംറയും സഞ്ജുവും
മുംബൈ: ഇന്ന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ (യു.എസ്.എ) ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോർട്ട്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലന സെഷനിൽ ബുംറ പങ്കെടുത്തിരുന്നില്ല. താരത്തിന് നേരിയ പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരിശീലനത്തിൽനിന്ന് വിട്ടുനിന്നത്. ബുംറയ്ക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ മുഹമ്മദ് സിറാജ് പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയേക്കും. വെള്ളിയാഴ്ച വൈകുന്നേരമാണ് സിറാജ് ടീമിനൊപ്പം ചേർന്നത്.
ലോകകപ്പ് പോലുള്ള ഒരു നീണ്ട ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബൗളറുടെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറല്ല. താരതമ്യേന ദുർബലരായ യുഎസ്എയ്‌ക്കെതിരെ ബുംറയ്ക്ക് വിശ്രമം നൽകാനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ ഓപണിങ് സ്പെല്ലിൽ എത്താൻ സാധ്യതയുള്ളതിനാൽ, സിറാജ് ഫസ്റ്റ് ചേഞ്ച് ബൗളറായി എത്തുമെന്നാണ് വിവരം. പരിക്കേറ്റ ഹർഷിത് റാണക്ക് പകരക്കാരനായാണ് സിറാജ് സ്ക്വാഡിലെത്തിയത്.
ഫെബ്രുവരി 12ന് നമീബിയ, 15ന് പാകിസ്താൻ, 18ന് ഹോളണ്ട് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ. നിർണായക മത്സരങ്ങൾക്കായി ബുംറയെ പൂർണ ആരോഗ്യവാനായി നിലനിർത്തുക എന്നതാണ് മാനേജ്മെന്‍റിന്‍റെ ലക്ഷ്യം. ആരോഗ്യസ്ഥിതി മോശമായതിനാലും ടൂർണമെന്റിലെ വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾ പരിഗണിച്ചും യു.എസ്.എക്കെതിരെ ബുംറയെ വിശ്രമിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
അതേസമയം ന്യൂസിലൻഡിനെതിരെ പരാജയപ്പെട്ട ഓപണർ സഞ്ജു സാംസണും ലോകകപ്പ് ഇലവനിൽ സാധ്യത കുറവാണ്. ടീമിനൊപ്പമുണ്ടെങ്കിലും ഫോം കണ്ടെത്താനാകാത്ത മലയാളി താരത്തെ ബെഞ്ചിലിരുത്താനാണ് സാധ്യത. രണ്ടാം വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഉൾപ്പെടുത്തിയ ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുക്കുക കൂടി ചെയ്തതോടെ ഓപണിങ് റോളിലേക്ക് പരിഗണിച്ചേക്കും. തിലക് വർമ കൂടി എത്തിയതോടെ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്പേസ് ഇല്ലാതായെന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.