ന്യൂഡൽഹി: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന കാര്യം സംശയത്തിലെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ ബുംറയോട് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി സന്ദർശിക്കാൻ ബി.സി.സി.ഐ നിർദേശം നൽകിയെന്നാണ് വിവരം.
ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയെ ഉൾപ്പെടുത്തുമെങ്കിലും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ബുംറക്ക് പരിക്കേറ്റപ്പോൾ തന്നെ അക്കാര്യം നാഷണൽ ക്രിക്കറ്റ് അക്കാദമിയെ അറിയിച്ചിരുന്നു. പൂർണ ആരോഗ്യവാനായി ബുംറ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ബോർഡർ ഗവാസ്കർ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത്. തുടർന്ന് സ്കാനിങ്ങിനായി ബുംറയെ കൊണ്ടു പോയി. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ബുംറ പന്തെറിഞ്ഞിരുന്നില്ല. ബുംറയുടെ അഭാവത്തിൽ ടെസ്റ്റിലും പരമ്പരയിലും ആസ്ട്രേലിയ വിജയിച്ചിരുന്നു.
ബോർഡർ ഗവാസ്കർ പരമ്പരയിൽ ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. 150 ഓവറാണ് ബുംറ പരമ്പരയിൽ പന്തെറിഞ്ഞത്. അഞ്ച് മത്സരങ്ങളിൽ നിന്നും 32 വിക്കറ്റ് നേടി ഇന്ത്യൻ ബൗളിങ് നിരയെ മുന്നിൽ നിന്നും നയിക്കുകയും ചെയ്തിരുന്നു. ബുംറയുടെ ബൗളിങ് പ്രകടനമാണ് ടൂർണമെന്റിൽ പലപ്പോഴും ഇന്ത്യയെ തോളിലേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.