ഇന്ത്യക്ക് മോശം തുടക്കം; ജയ്സ്വാളും രാഹുലും പുറത്ത്; ടീമിൽ നാലു മാറ്റങ്ങൾ

ലണ്ടൻ: പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ ജയം അനിവാര്യമായ അഞ്ചാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടുവിക്കറ്റുകൾ നഷ്ടം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലുമാണ് മടങ്ങിയത്. മഴമൂലം മത്സരം നിർത്തുമ്പോൾ ഇന്ത്യ രണ്ടിന് 72 റൺസെന്ന നിലയിലാണ്.

ഓവലിൽ ജയിക്കുകയല്ലാതെ ഗില്ലിനും സംഘത്തിനും മുന്നിൽ പോംവഴിയില്ല. ഒന്നും മൂന്നും മത്സരങ്ങൾ നേടി ആതിഥേയർ പരമ്പരയിൽ 2-1ന് മുന്നിലാണ്. 67 പന്തിൽ 25 റൺസുമായി സായി സുദർശനും 23 പന്തിൽ 15 റൺസുമായി നായകൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഇന്നിങ്സിന്‍റെ തുടക്കത്തിൽ തന്നെ ജയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടായി. രണ്ട് റണ്‍സെടുത്ത താരത്തെ ഗസ് അറ്റ്കിന്‍സണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കേ രാഹുലും മടങ്ങി. 14 റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്സ് ബൗൾഡാക്കി.

നേരത്തെ, ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓലീ പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ഋഷഭ് പന്ത്, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ കളിക്കുന്നില്ല. പകരം കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, ആകാശ് ദീപ് എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ജയിച്ചാൽ ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പര 2-2ന് സമനിലയിലാക്കി സന്ദർശകർക്ക് തലയുയർത്തി മടങ്ങാം. മറിച്ചൊരു ഫലമാണെങ്കിൽ ഇംഗ്ലീഷ് വാഴ്ച തുടരും.

ആദ്യത്തെയും മൂന്നാമത്തെയും കളികളിൽ മേൽക്കൈ നേടിയിടത്തുനിന്നാണ് ഇന്ത്യ കൈവിട്ടത്. ആകെ പ്രകടനം വെച്ച് നോക്കുമ്പോൾ നേരിയ മുൻതൂക്കം ഇന്ത്യക്കുണ്ട്. പക്ഷേ, ജയത്തിനരികിൽ കാലിടറുകയായിരുന്നു. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് നീങ്ങവെ പോരാടി നേടിയെടുത്ത സമനിലയാണ് ഇന്ന് ആരംഭിക്കുന്ന കളിയിൽ ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നത്. പേസർമാരായ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ആതിഥേയ നിരയിലില്ലാത്തതും ആശ്വാസമാണ്. വലതു ചുമലിനേറ്റ പരിക്കാണ് സ്‌റ്റോക്‌സിന് തിരിച്ചടിയായത്.

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, കരുൺ നായർ, രവീന്ദ്ര ജദേജ, ധ്രുവ് ജുറൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ.

Tags:    
News Summary - India vs England Test Series: India's poor start; Jaiswal and Rahul out; four changes in the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.