കട്ടക്ക്: ഓസീസ് മണ്ണിലും പിറകെ സ്വന്തം നാട്ടിലും ഫോം മറന്ന് ഉഴറുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെയും രഞ്ജി ഷോക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന വിരാട് കോഹ്ലിയുടെയും ബാറ്റിങ് വിരുന്നിന് കൺപാർത്ത് കട്ടക്ക് മൈതാനം. നാഗ്പൂരിലെ വിജയം ആവർത്തിച്ച് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേരത്തേ സ്വന്തമാക്കാൻ ഇറങ്ങുന്ന ടീം ഇന്ത്യക്ക് ആധിയും ആശകളുമനവധി.
കഴിഞ്ഞ മത്സരത്തിലും രണ്ടക്കം കാണാനാകാതെ മടങ്ങിയ രോഹിതിന്റെ തിരിച്ചുവരവ് തന്നെയാണ് ഇന്ത്യയുടെ ഒന്നാം പരിഗണന. രണ്ടു റൺ മാത്രമെടുത്താണ് കഴിഞ്ഞ മത്സരത്തിൽ താരം മടങ്ങിയത്. മഹ്മൂദിനെ അടിച്ചുപറത്താനുള്ള ശ്രമം മിഡ്വിക്കറ്റിൽ കുത്തിയുയർന്ന് ലിയാം ലിവിങ്സ്ടോണിന്റെ കൈകളിലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിനു ശേഷം കളിയുടെ ഒരു ഫോർമാറ്റിലും രോഹിത് അർധസെഞ്ച്വറി പോലും പിന്നിട്ടിട്ടില്ല. ഇന്നും അടുത്ത ഏകദിനത്തിലും പരാജയമായാൽ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടമുറപ്പിക്കുന്നതുപോലും താരത്തിന് കടുത്തതാകും.
9കഴിഞ്ഞ കളിയിൽ ചെറിയ പരിക്കിന്റെ പേരിൽ അവസാന നിമിഷം പുറത്തിരുന്ന വിരാട് കോഹ്ലിക്കും സമാനമാണ് സാഹചര്യം. ഏകദിനത്തിൽ 14,000 റൺസ് എന്ന സ്വപ്നനേട്ടത്തിലേക്ക് 94 റൺസ് മാത്രമാണ് അകലം. സചിൻ ടെണ്ടുൽകർ (18,426), കുമാർ സംഗക്കാര (14,234) എന്നിവർ മാത്രമാണ് ഇതിനകം ഈ നേട്ടം കൈവരിച്ചവർ. കോഹ്ലി തിരിച്ചെത്തുന്ന പക്ഷം പകരക്കാരനായ ശ്രേയസ്സ് അയ്യരോ യശസ്വി ജയ്സ്വാളോ പുറത്താകും. കഴിഞ്ഞ കളിയിൽ അതിവേഗം അർധ സെഞ്ച്വറിയുമായി ഇന്ത്യൻ വിജയത്തിൽ നിർണായകമായ ശ്രേയസ്സിനെ മാറ്റൽ എളുപ്പമാകില്ല. അതോടെ, ജയ്സ്വാളിന് പകരം ശുഭ്മാൻ ഗിൽ രോഹിതിനൊപ്പം ബാറ്റിങ് ഓപൺ ചെയ്തേക്കും.
ബൗളിങ്ങിൽ ഷമിയുടെ തിരിച്ചുവരവ് ഏറെ ആവേശം പകരുന്നത്. നാഗ്പൂരിൽ എട്ടോവർ എറിഞ്ഞ താരം 38 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തിരുന്നു. കന്നിക്കാരൻ ഹർഷിത് റാണ നന്നായി തല്ലുവാങ്ങിയെങ്കിലും വിലപ്പെട്ട വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന് പക്ഷേ, ട്വന്റി20ക്കു ശേഷം ഏകദിനത്തിലും പരമ്പര നഷ്ടം ആലോചിക്കാനാകാത്തതാണ്. ഇന്നും കൈവിട്ടാൽ പിന്നെ തിരിച്ചുപിടിക്കാനാകുകയുമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളുടെ മുൻതൂക്കം മറികടന്ന് ഇന്ന് ജയിക്കാനായാൽ പ്രതീക്ഷയുണ്ട്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഫിലിപ് സാൾട്ട്, ജാമി സ്മിത്ത്, ജേക്കബ് ബെഥേൽ, ബ്രൈഡൻ കാർസെ, ലിയാം ലിവിങ്സ്റ്റൺ, ജാമി ഓവർട്ടൺ, ജൊഫ്ര ആർച്ചർ, ഗുസ് അറ്റ്കിൻസൺ, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്, മാർക്ക് വുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.