മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം, പരമ്പര

വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. സ്കോർ: ഇന്ത്യ അഞ്ചിന് 351 (50 ഓവർ), വെസ്റ്റിൻഡീസ് 151ന് എല്ലാവരും പുറത്ത് (35.3 ഓവർ). ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ഇഷാൻ കിഷൻ പരമ്പരയിലെ താരമായി.

കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കളിച്ച ഇന്ത്യൻ ബാറ്റർമാർ മികച്ച സ്കോറാണ് ടീമിന് സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ (85), ഇഷാൻ കിഷൻ (77), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (70), സഞ്ജു സാംസൺ (51), സൂര്യകുമാർ യാദവ് (35) എന്നിവർ മികവുകാട്ടി. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട സഞ്ജു ഇത്തവണ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. വമ്പനടികളുമായി കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും അർധസെഞ്ചുറിക്ക് പിന്നാലെ പുറത്തായി. 41 പന്തിൽ നാല് സിക്സറും രണ്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്.


മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ വിൻഡീസിനായില്ല. മുൻനിരക്കാരെല്ലാം ചെറിയ സ്കോറിന് പുറത്തായപ്പോൾ രണ്ടക്കം കണ്ടത് വാലറ്റത്തെ മൂന്നുപേർ ഉൾപ്പെടെ നാല് ബാറ്റർമാർ മാത്രമാണ്. പത്താമനായി ഇറങ്ങി പുറത്താകാതെ നിന്ന ഗുഡകേഷ് മോട്ടിയുടെ 39 റൺസാണ് വിൻഡീസിന്‍റെ ടോപ് സ്കോർ. ശർദുൽ താക്കൂർ നാലും, മുകേഷ് കുമാർ മൂന്നും വിക്കറ്റെടുത്തു. 

Tags:    
News Summary - India won third match against wi by 200 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.