സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. 52 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം വിക്കറ്റിൽ മികച്ച പാർട്നർഷിപ് ഉയർത്തിയ യശസ്വി ജയ്സ്വാൾ - സായ് സുദർശൻ സഖ്യമാണ് ഇന്നിങ്സിന് കരുത്തായത്. സെഞ്ച്വറിയുമായി ജയ്സ്വാളും (103*) അർധ സെഞ്ച്വറിയുമായി സായ് സുദർശനുമാണ് (59*) ക്രീസിൽ. സ്കോർ 58ൽനിൽക്കേ ഓപണർ കെ.എൽ. രാഹുൽ (38) പുറത്തായതിനു പിന്നാലെയാണ് ഇരുവരും ഒന്നിച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കിയ കെ.എൽ. രാഹുലിനെ, വിക്കറ്റ് കീപ്പർ ടെവിൻ ഇംലാഷ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ സായ് സുദർശൻ ക്രീസിലെത്തി. ലഞ്ചിന് പിരിയുമ്പോൾ ഒന്നിന് 94 എന്ന നിലയിലായിരുന്നു ഇന്ത്യ. 87 പന്തിൽ സായ് സുദർശൻ അർധ ശതകം പിന്നിട്ടു. ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം തിരിച്ചെത്തിയ ജയ്സ്വാൾ 145 പന്തിൽ തന്‍റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. 16 ഫോർ ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
അതേസമയം ആദ്യ മത്സരം ഇന്നിങ്സിന് ജയിച്ച ഇന്ത്യ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ കളിയും അനായാസം പിടിച്ചടക്കി പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്. ജയിച്ചാൽ വെസ്റ്റിൻഡീസിനെതിരെ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സ്പിന്നിനെ കാര്യമായി പിന്തുണക്കുന്ന ഡൽഹിയിലെ പിച്ചിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ടീം ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.
അഹ്മദാബാദ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും 150 റൺസിന്റെ പരിസരത്ത് പുറത്തായ വിൻഡീസിനെ സംബന്ധിച്ച് ആശ്വാസ ജയമാണ് ലക്ഷ്യം. ഇതോടെ പരമ്പര സമനിലയിൽ പിടിക്കാനും കഴിയും. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ടീം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. നേരത്തേ കീഴടങ്ങാതിരിക്കാൻപോലും കരീബിയൻ സംഘത്തിന് വലിയ പരിശ്രമം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.