രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരം കുൽദീപ് യാദവ്
ന്യൂഡൽഹി: രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ. കൂറ്റൻ സ്കോർ പിന്തുടർന്ന സന്ദർശകർ ഫോളോ ഓൺ വഴങ്ങി 248 റൺസിന് പുറത്ത്.
കുൽദീപ് യാദവിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിൻഡീസിനെ തകർത്തത്. 26.5 ഓവറിൽ 82 റൺസ് വിട്ടുകൊടുത്താണ് താരം അഞ്ചു വിക്കറ്റെടുത്തത്. രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് നേടി. 84 പന്തിൽ 41 റൺസെടുത്ത അലിക് അതനാസെയാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ആതിഥേയർക്ക് 270 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. നാലിന് 140 എന്ന നിലയിലാണ് മൂന്നാംദിനം വിൻഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. 16 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഷായ് ഹോപ്പിനെ നഷ്ടമായി. 57 പന്തിൽ 36 റൺസെടുത്ത ഹോപ്പിനെ കുൽദീപ് ക്ലീൻ ബൗൾഡാക്കി.
തൊട്ടുപിന്നാലെ ടെവിൻ ഇംലാഷ് (67 പന്തിൽ 21), ജസ്റ്റിൻ ഗ്രീവ്സ് (20 പന്തിൽ 17) എന്നിവരെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. വിൻഡീസ് ഏഴിന് 174 റൺസ്. ജോമെൽ വാരികാനെ (അഞ്ചു പന്തിൽ ഒന്ന്) മുഹമ്മദ് സിറാജ് മടക്കി. ഇന്നിങ്സിൽ ഒരു ഇന്ത്യൻ പേസറുടെ ആദ്യ വിക്കറ്റ്. ഖാരി പിയറുടെ (46 പന്തിൽ 23) സ്റ്റമ്പ് ബുംറ തെറിപ്പിച്ചു. പത്താം വിക്കറ്റിൽ ആൻഡേഴ്സൺ ഫിലിപ്പും ജയ്ഡൻ സീലസും ശ്രദ്ധയോടെ കളിച്ച് സ്കോർ കണ്ടെത്തി. ഒടുവിൽ സീലസിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി കുൽദീപ് വിൻഡീസിന്‍റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. 25 പന്തിൽ 13 റൺസെടുത്താണ് താരം പുറത്തായത്. ഫിലിപ്പ് 93 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.
സ്പിന്നർമാരുടെ മികവിലാണ് വിൻഡീസ് മുൻനിരയെ ഇന്ത്യ ഒതുക്കിയത്. അലിക് അതനാസെ (41), തഗേനരെയ്ൻ ചാന്ദർപോൾ (67 പന്തിൽ 34), ജോൺ കാംപ്ബൽ (25 പന്തിൽ 10), നായകൻ റോസ്റ്റൺ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ദിനം തന്നെ ഇന്ത്യ വീഴ്ത്തിയിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും (175) ഗില്ലിന്റെയും സെഞ്ച്വറി (129*) കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 518 റൺസ് അടിച്ചുകൂട്ടിയത്.
ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറി നേടിയ ഗിൽ 196 പന്തിൽ രണ്ടു സിക്സും 16 ഫോറും പായിച്ചു. റെഡ്ഡിക്കൊപ്പം 91 റൺസിന്റെയും ജുറെലിനൊപ്പം 102 റൺസിന്റെയും കൂട്ടുകെട്ടുയർത്തിയാണ് ഗിൽ ടീം സ്കോർ 500 കടത്തിയത്. കരിയറിന്റെ തുടക്കത്തിൽ ടെസ്റ്റിൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഗില്ലിന്റെ കഴിഞ്ഞ ഏഴു ടെസ്റ്റുകളിലെ അഞ്ചാം സെഞ്ച്വറിയാണിത്. നായകനായ ശേഷമുള്ള ആദ്യ പരമ്പരയിൽ ഇംഗ്ലണ്ട് മണ്ണിൽ കളിമികവിന്റെ ഗ്രാഫ് ഏറെ ഉയർത്തിയ ഗിൽ അത് വിൻഡീസിനെതിരെയും തുടരുന്നതായിരുന്നു ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ കാഴ്ച.
ആദ്യദിനം തകർപ്പൻ സെഞ്ച്വറി നേടി രണ്ടാം ദിനം ഇരട്ട ശതകത്തിലേക്ക് കണ്ണുംനട്ടിറങ്ങിയ യശസ്വി ജയ്സ്വാളിന് (175) പക്ഷേ അതിനുള്ള ഭാഗ്യമുണ്ടായില്ല. റണ്ണൗട്ടിന്റെ രൂപത്തിൽ നിർഭാഗ്യം തേടിയെത്തിയപ്പോൾ രണ്ടാം ദിനത്തിലെ രണ്ടാം ഓവറിൽതന്നെ യശസ്വിക്ക് കൂടാരം കയറേണ്ടിവന്നു. എന്നാൽ, വിൻഡീസിന്റെ ആശ്വാസം അധികം നീണ്ടുനിന്നില്ല. റെഡ്ഡിയെയും ജുറെലിനെയും കൂട്ടുപിടിച്ച് അനായാസവും മനോഹരവുമായ സ്ട്രോക്പ്ലേയിലൂടെ ഗിൽ സ്കോറുയർത്തിയപ്പോൾ വിൻഡീസ് ബൗളർമാർ നിസ്സഹായരായി. ആദ്യദിനം രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്ന ജോമൽ വരികാൻ ഒരു വിക്കറ്റ് കൂടി നേടിയപ്പോൾ ആൻഡേഴ്സൺ ഫിലിപ്പിനായിരുന്നു ശേഷിക്കുന്ന വിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.