ടോസ് ഭാഗ്യം ഗില്ലിനൊപ്പം, പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഭേദപ്പെട്ട തുടക്കം
ന്യഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 18 ഓവർ പിന്നിടുമ്പോൾ ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്. ഓപണർ യശസ്വി ജയ്സ്വാളും (21*) സായ് സുദര്ഡശനുമാണ് (4*) ക്രീസിൽ. 38 റൺസ് നേടിയ കെ.എൽ. രാഹുലാണ് (26*) പുറത്തായത്. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ആദ്യമായാണ് ഗില്ലിന് ടോസ് നേടാനായത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റിലും വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലും ടോസ് ഭാഗ്യം എതിരാളികൾക്കായിരുന്നു.
പരമ്പരയിലെ അവസാന ടെസ്റ്റിനാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമായത്. ആദ്യ മത്സരം ഇന്നിങ്സിന് ജയിച്ച ഇന്ത്യ ഫിറോസ് ഷാ കോട്ലയിലെ കളിയും അനായാസം പിടിച്ചടക്കി പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്. ജയിച്ചാൽ വെസ്റ്റിൻഡീസിനെതിരെ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സ്പിന്നിനെ കാര്യമായി പിന്തുണക്കുന്ന ഡൽഹിയിലെ പിച്ചിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ടീം ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.
പ്രതിഭകൾ കൈയാളിയ മൂന്നാം നമ്പറിൽ ഇറങ്ങുന്ന സായി സുദർശൻ ഇനിയും വലിയ സ്കോറുകൾ കണ്ടെത്താത്തതാണ് ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ഏക പോരായ്മ. നാല് ടെസ്റ്റിൽ ഏഴ് ഇന്നിങ്സിലും ബാറ്റ് ചെയ്ത സായി ആകെ നേടിയത് ഒരു അർധശതകമാണ്. ശരാശരി 21 മാത്രം. സെഞ്ച്വറികളുമായി കെ.എൽ. രാഹുലും ധ്രുവ് ജുറലും രവീന്ദ്ര ജദേജയും ഫോമിലുണ്ട്. സ്പിന്നർ ജദേജ ബൗളിങ്ങിലും മിന്നി. പേസുമായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മറ്റു സ്പിന്നർമാരായ കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും വിശ്വാസം കാത്തു.
അഹ്മദാബാദ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും 150 റൺസിന്റെ പരിസരത്ത് പുറത്തായ വിൻഡീസിനെ സംബന്ധിച്ച് ആശ്വാസ ജയമാണ് ലക്ഷ്യം. ഇതോടെ പരമ്പര സമനിലയിൽ പിടിക്കാനും കഴിയും. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ടീം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. നേരത്തേ കീഴടങ്ങാതിരിക്കാൻപോലും കരീബിയൻ സംഘത്തിന് വലിയ പരിശ്രമം വേണ്ടിവരും.
- ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
- വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ: ടഗെനരെയ്ൻ ചന്ദർപോൾ, ജോൺ കാംപ്ബെൽ, അലിക് അതനേസ്, ഷായ് ഹോപ്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ടെവിൻ ഇംലാഷ്, ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയറി, ജോമെൽ വാരികൻ, ആൻഡേഴ്സൺ ഫിലിപ്, ജെയ്ഡൻ സീൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.