ജയ്സ്വാൾ 173*, സചിന്‍റെ നേട്ടത്തിനൊപ്പം; വിൻഡീസിനെതിരെ പിടിമുറുക്കി ഇന്ത്യ, രണ്ടിന് 318

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തിട്ടുണ്ട്. 253 പന്തിൽ 173 റൺസുമായി ഓപ്പണർ യശസ്വി ജയ്സ്വാളും 68 പന്തിൽ 20 റൺസുമായി നായകൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ.

കെ.എൽ. രാഹുൽ (54 പന്തിൽ 38 റൺസ്), സായ് സുദർശൻ (165 പന്തിൽ 87) എന്നിവരാണ് പുറത്തായ താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏഴാം സെഞ്ച്വറിയാണ് ഗില്ലിന്‍റേത്. ഇതോടെ താരം ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ റെക്കോഡിനൊപ്പമെത്തി. 24 വയസ്സിനുള്ളിൽ ഏഴോ അതിൽ കൂടുതലോ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന സചിന്‍റെ നേട്ടത്തിനൊപ്പമാണ് ജയ്സ്വാളും എത്തിയത്. 145 പന്തിൽ 16 ഫോറടക്കമാണ് ജയ്സ്വാൾ നൂറിലെത്തിയത്. 13 റൺസകലെയാണ് സായ് സുദർശന് കന്നി സെഞ്ച്വറി നഷ്ടമായത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്കോറാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡി‍യത്തിൽ കുറിച്ചത്.

ജോമെൽ വാരികനാണ് വിൻഡീസിനായി രണ്ടു വിക്കറ്റും നേടിയത്. ഒന്നാം വിക്കറ്റിൽ ജയ്സ്വാളിനൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കിയ രാഹുലിനെ, വിക്കറ്റ് കീപ്പർ ടെവിൻ ഇംലാഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സായ് സുദർശനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 193 റൺസാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. നേരത്തെ ടോസ് നേടിയ ഗിൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിന് ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും അനായാസം പിടിച്ചടക്കി പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ടീം ഇന്ത്യ വിൻഡീസിനെ നേരിടുന്നത്. അഹ്മദാബാദ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും 150 റൺസിന്റെ പരിസരത്ത് പുറത്തായ വിൻഡീസിനെ സംബന്ധിച്ച് ആശ്വാസ ജയമാണ് ലക്ഷ്യം. ഇതോടെ പരമ്പര സമനിലയിൽ പിടിക്കാനും കഴിയും. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ടീം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. നേരത്തേ കീഴടങ്ങാതിരിക്കാൻപോലും കരീബിയൻ സംഘത്തിന് വലിയ പരിശ്രമം വേണ്ടിവരും.

Tags:    
News Summary - India vs West Indies 2nd Test: Yashasvi Jaiswal Achieves Huge Feat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.