ജോൺ കാംബെലിന്റെ സെഞ്ച്വറി ആഘോഷം. ഷായ് ഹോപ് സമീപം
വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പിടിച്ചു നിന്ന വിൻഡീസ് ഇന്നിങ്സ് തോൽവി ഒഴിവാക്കി ലീഡെടുത്ത് മുന്നേറുന്നു. നാലാം ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ പുനരാരംഭിച്ച ഇന്നിങ്സിൽ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ വിൻഡീസ് 20 റൺസിന്റെ ലീഡ് സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 518 റൺസിന് മറുപടി ബാറ്റിങ് ചെയ്ത വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 248 റൺസിന് പുറത്തായിരുന്നു. 270 റൺസിന് പിന്നിൽ നിൽക്കെ ഫോളോ ഓൺ ചെയ്ത ശേഷം, നടത്തിയ ചെറുത്തു നിൽപിലാണ് നാലാം ദിനം ലീഡ് പിടിച്ചത്. തിങ്കളാഴ്ച രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173റൺസ് എന്ന നിലയിലാണ് കളി തുടങ്ങിയത്. മൂന്നം വിക്കറ്റിൽ ഓപണർ ജോൺ കാംബെലും (115), ഷായ് ഹോപും (103) സെഞ്ച്വറി ഇന്നിങ്സുമായി ക്രീസിൽ നിലയുറപ്പിച്ച് ലീഡിലേക്ക് നയിക്കുകയായിരുന്നു. 35 റൺസിൽ രണ്ടാം വിക്കറ്റ് നഷ്ടമായ ശേഷം ഒന്നിച്ച കൂട്ട് സ്കോർ ബോർഡിൽ 177 റൺസ് കൂട്ടി ചേർത്ത ശേഷമാണ് വഴിപിരിഞ്ഞത്. ലീഡ് പിടിച്ചതിനു പിന്നാലെ ഷായ് ഹോപിനെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി പുറത്താക്കി. ക്യാപ്റ്റൻ റോസ്റ്റൺ ചേസും (34 നോട്ടൗട്ട്), ടെവിൻ ഇംലാചുമാണ് (5 നോട്ടൗട്ട്) ക്രീസിൽ.
രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ്‍ വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്റെയും (175), ശുഭ്മാൻ ഗില്ലിന്റെയും (129 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ 518 റൺസെടുത്ത ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴായിരുന്നു തീരുമാനം.
വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയും ചേർന്ന് 248 റൺസിൽ ചുരുട്ടികെട്ടി.
ഒരു ദിവസം കൂടി ബാക്കി നിൽക്കെ വിൻഡീസിന്റെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി വീഴ്ത്തി അനായാസ വിജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.