പരിശീലനത്തിനിടെ യശസ്വി ജയ്സ്വാൾ കോച്ച് ഗൗതം ഗംഭീറുമായി സംഭാഷണത്തിൽ
റാഞ്ചി: സമാനതകളില്ലാത്ത തോൽവികളിലേക്കും പരമ്പര നഷ്ടത്തിലേക്കും വീണതിനു പിറകെ നാളെ ഏകദിന പരമ്പരക്ക് തുടക്കമാകുമ്പോൾ ഇന്ത്യൻ ടീമിന് മുന്നിലെ ഏക ലക്ഷ്യം ഗംഭീര തിരിച്ചുവരവ്. ആദ്യം കൊൽക്കത്തയിലും പിറകെ ഗുവാഹതിയിലും നടന്ന ടെസ്റ്റുകളിലാണ് ദക്ഷിണാഫ്രിക്ക നാണംകെടുത്തിയത്. അതേ ആവേശത്തിൽ പ്രോട്ടീസ് സംഘം ഏകദിന പരമ്പര കൂടി ലക്ഷ്യമിടുമ്പോൾ നീലക്കുപ്പായത്തിലുമുണ്ട് സമാനമായ സ്വപ്നങ്ങളുടെ ഭാരം.
‘നിരാശാജനകമായിരുന്നു ടീമിന് കഴിഞ്ഞ രണ്ടാഴ്ച. ആലോചനക്ക് കുറച്ചുനാൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഏകദിന ടീമിന് ഊർജം പൂർണമായി നൽകലാണ് ഇനി പ്രധാനം. സമീപ വർഷങ്ങളിൽ ടീം ഏകദിനങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്’- ബൗളിങ് കോച്ച് മോർണി മോർകലിന്റെ വാക്കുകൾ.
റാഞ്ചിയിൽ നാളെ ആദ്യ ഏകദിനം തുടങ്ങുമ്പോൾ ഋഷഭ് പന്തിന്റെ സാന്നിധ്യം ത്രിശങ്കുവിലാണ്. ക്യാപ്റ്റൻ കെ.എൽ രാഹുലിനെ പരിഗണിക്കുമ്പോൾ സ്വാഭാവികമായും പന്ത് പുറത്താകാൻ സാധ്യത കൂടുതൽ.
ഗുവാഹതിയിൽ പന്തിന്റെ രീതികൾ ഏറെ പഴികേട്ടതാണ്. എന്നാലും താരത്തിന്റെ ഇടംകൈ ബാറ്റിങ് ദക്ഷിണാഫ്രിക്കക്കെതിരെ ആനുകൂല്യം നൽകാൻ പോന്നതാണ്. ഇതെല്ലാം പരിഗണിച്ച് രണ്ടുപേരെയും ആദ്യ ഇലവനിൽ ഇറക്കുമോയെന്നാണ് ചോദ്യം. ഓൾറൗണ്ടറായി നിതീഷ് റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവരിൽ ആരെ പരിഗണിക്കുമെന്ന വിഷയവുമുണ്ട്.
പേസ് ആക്രമണത്തിന് അർഷ്ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരുണ്ടാകും. സ്പിന്നിൽ വാഷിങ്ടൺ സുന്ദർ ഇറങ്ങിയാലും ഇല്ലെങ്കിലും കുൽദീപ് യാദവ്, രവി ബിഷ്‍ണോയ് എന്നിവർക്ക് നറുക്ക് വീണേക്കും. ബാറ്റിങ്ങിൽ ശ്രേയസ് അയ്യർ അതിവേഗം പരിക്കിൽനിന്ന് മുക്തി നേടുന്നുവെന്ന റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നതാണ്. ഋതുരാജ് ഗെയ്ക്‍വാദ്, യശസ്വി ജയ്സ്വാൾ എന്നിവരുടെ സാന്നിധ്യവും ഏറെ കുറെ ഉറപ്പാണ്.
മറുവശത്ത്, ദക്ഷിണാഫ്രിക്കൻ നിര ഇരട്ടി എഞ്ചിനുമായാണ് ഇറങ്ങുന്നത്. ടെംബ ബാവുമ തിരിച്ചെത്തിയതോടെ ഡി കോക്കിനൊപ്പം അദ്ദേഹമാകും ഓപൺ ചെയ്യുക. ബൗളിങ്ങിൽ ലുംഗി എൻഗിഡി, നാന്ദ്രേ ബർഗർ, കോർബിൻ ബോഷ് തുടങ്ങി രണ്ടാം നിര വരെ കരുത്തുകാട്ടാൻ പോന്നവരാണ്.
ടെസ്റ്റിൽ പരമ്പര നഷ്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ ടീം ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷകൾ അപായ മുനയിലാണ്.
ന്യൂസിലൻഡ് ഇതുവരെ ഒരു പരമ്പര പോലും കളിച്ചിട്ടില്ല. ശ്രീലങ്ക, പാകിസ്താൻ ടീമുകൾ ഒന്നേ കളിച്ചുള്ളൂ. ഇംഗ്ലണ്ട് രണ്ടാമത്തേത് തുടങ്ങിയ നിലയിലും. മറുവശത്ത്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവ ബഹുദൂരം മുന്നിലാണ്. 18 ടെസ്റ്റുകളിൽ ഇന്ത്യ ഇതിനകം ഒമ്പതെണ്ണം പൂർത്തിയാക്കി കഴിഞ്ഞു. എന്നാലും, അവശേഷിച്ച മത്സരങ്ങളിൽ വൻതിരിച്ചുവരവ് നടത്താനായാൽ പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.