സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആറു പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: ന്യൂസിലൻഡ് -50 ഓവറിൽ എട്ടു വിക്കറ്റിന് 300. ഇന്ത്യ -49 ഓവറിൽ ആറു വിക്കറ്റിന് 306.

ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). ഏഴു റൺസകലെയാണ് കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായത്. 91 പന്തിൽ ഒരു സിക്സും എട്ടു ഫോറുമടക്കം 93 റൺസെടുത്തു. ബാറ്റിങ്ങിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി.

ഗിൽ 71 പന്തിൽ 56 റൺസെടുത്ത് പുറത്തായി. രണ്ടു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പരിക്കുമാറി ടീമിലെത്തിയ ശ്രേയസ്സ് അയ്യരും തിളങ്ങി. 47 പന്തിൽ 49 റൺസെടുത്തു. 49ാം ഓവറിലെ അവസാന പന്ത് സിക്സടിച്ച് കെ.എൽ. രാഹുലാണ് ടീമിന ജയിപ്പിച്ചത്. 21 പന്തിൽ 29 റൺസുമായി താരം പുറത്താകാതെ നിന്നു. രോഹിത് ശർമ (29 പന്തിൽ 26), രവീന്ദ്ര ജദേജ (അഞ്ചു പന്തിൽ നാല്), ഹർഷിത് റാണ (23 പന്തിൽ 29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഇന്ത്യൻ സ്കോർ 39ൽ നിൽക്കെ വെറ്ററൻ താരം രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. കെയിൽ ജമീസണിന്‍റെ പന്തിൽ മിച്ചൽ ബ്രേസ്‍‌വെൽ ക്യാച്ചെടുത്താണ് പുറത്തായത്. പിന്നാലെ ഗില്ലും കോഹ്ലിയും തകർത്തടിച്ചതോടെ ഇന്ത്യ 16.1 ഓവറിൽ 100 പിന്നിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ

സെഞ്ച്വറി കൂട്ടുകെട്ടാണ് (118) ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. സ്കോർ 157ൽ നിൽക്കെ ഗില്ലിനെ നഷ്ടമായി. ശ്രേയസ് അയ്യരും തകർത്തടിച്ചതോടെ ഇന്ത്യ അനായാസം 200 കടന്നു. പിന്നാലെ കോഹ്ലിയും ജദേജയും ശ്രേയസ്സും അടുത്തടുത്ത് പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഹർഷിത് റാണയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന രണ്ടോവറിൽ 12 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 48ാം ഓവറിലെ നാല്, അഞ്ച് പന്തുകൾ ബൗണ്ടറി കടത്തിയ രാഹുൽ, അവസാന പന്ത് സിക്സറിടിച്ച് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.

ന്യൂസിലൻഡിനായി കെയിൽ ജമീസൺ നാലു വിക്കറ്റ് വീഴ്ത്തി. ഓപണർമാരായ ഡെവോൺ കോൺവെയും (56), ഹെന്റി നികോൾസും (62) നൽകിയ തുടക്കവും, മധ്യനിരയിൽ ഡാരിൽ മിച്ചലിന്റെ (84) വെടിക്കെട്ട് ഇന്നിങ്സുമാണ് ന്യൂസിലൻഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഡെവോൺ കോൺവേയും (67 പന്തിൽ 56 റൺസ്), ഹെന്റി നികോൾസും (69 പന്തിൽ 62) ചേർന്ന് നൽകിയ ഉജല്വ തുടക്കത്തിൽ റൺമലയിലേക്ക് കുതിച്ച ന്യൂസിലൻഡിനെ പവർേപ്ലക്കു ശേഷമാണ് ഇന്ത്യക്ക് തൊടാൻ കഴിഞ്ഞത്. 20 ഓവറിന് മുകളിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ക്രീസിൽ പിടിച്ചു നിന്നവർ ടീം ടോട്ടൽ 100 റൺസ് കടത്തി. മുഹമ്മദ് സിറാജും ഹർഷിദ് റാണയും പ്രസിദ്ദുമെല്ലാം ചേർന്ന് മാറിമാറി നടത്തിയ ആക്രമണത്തിലും ഓപണിങ് കൂട്ടുകെട്ട് പിളർത്താൻ കഴിഞ്ഞില്ല. ഒടുവിൽ 22ാം ഒവാറിൽ ഹെന്റി നികോൾസിനെ ഹർസിദ് റാണ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കിവീസ് വിക്കറ്റ് വീഴ്ചക്ക് തുടക്കം കുറിച്ചത്. ഒന്നാം വിക്കറ്റ് വീണതിനു പിന്നാലെ, നിശ്ചിത ഇടവേളയിലായി വിക്കറ്റ് വീഴ്ച തുടർന്നു.

ഡെവോൺ കോൺവെയെ അടുത്ത വരവിൽ ഹർഷിദ് റാണ കുറ്റിപിഴുതുകൊണ്ട് മടക്കി. മൂന്നാമനായി വിൽ യംങിനെ (12) മുഹമ്മദ് സിറാജും മടക്കി. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചൽ മധ്യ ഓവറുകളിൽ അടിച്ചു തകർത്തുകൊണ്ട് ക്രീസിൽ പിടിച്ചുനിന്നു. 71 പന്തിൽ മൂന്ന് സിക്സറും അഞ്ച് ബൗണ്ടറിയുമായി 84 റൺസെടുത്ത ഡാരിൽ മിച്ചൽ ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അതേസമയം, ക്രീസിന്റെ മറുതലക്കൽ ആർക്കും പിടിച്ചു നിൽക്കാനായില്ല. െഗ്ലൻ ഫിലിപ്സ് (12), മിച്ചൽ ഹേ (16), സാക് ഫോക്സ് (1) എന്നിവരുടെ വിക്കറ്റുകൾ വീണു. ഒടുവിൽ 48ാം ഓവറിൽ എട്ടാമനായാണ് ഡാരിൽ മിച്ചൽ പുറത്തായത്.

പരിക്കേറ്റ പന്ത് പുറത്ത്; ജുറൽ ടീമിൽ

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള തയാറെടുപ്പിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ അരക്കെട്ടിൽ പന്ത് തട്ടിയുണ്ടായ പരിക്ക് സാരമാണെന്ന് തിരിച്ചറിഞ്ഞതോടെ 15 അംഗ ടീമിൽനിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.

Tags:    
News Summary - India vs New Zealand ODI: Virat Kohli Misses Ton, KL Rahul Seals Thrilling Win For India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.