ഇന്ത്യക്ക് അനായാസ ജയം; ന്യൂസിലൻഡിനെ തകർത്തത് എട്ടു വിക്കറ്റിന്; പരമ്പര

റായ്പുർ (ഛത്തിസ്ഗഢ്): ഒന്നാം ഏകദിനത്തിൽ ബൗളിങ്ങിനെ പഴിച്ചവർക്ക് മറുപടി നൽകി മുഹമ്മദ് ഷമിയും കൂട്ടരും. രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബൗളർമാർ നിറഞ്ഞാടിയ ശഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 34.3 ഓവറിൽ 108 റൺസിന് കിവീസ് പുറത്തായി.

20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ വിജയവും പരമ്പരയും കൈയിലാക്കി. മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച ഇന്ദോറിൽ നടക്കും. ആറോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷമിയാണ് കളിയിലെ താരം. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ടും മുഹമ്മദ് സിറാജും ശർദുൽ ഠാകുറും കുൽദീപ് യാദവും ഒരു വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ 51ഉം കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ച്വറി വീരൻ ശുഭ്മൻ ഗിൽ പുറത്താകാതെ 40ഉം റൺസ് നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കി. ന്യുസിലൻഡിന്റെ ഗ്ലെൻ ഫിലിപ്പ്സ് 36 റൺസ് നേടി.

എറിഞ്ഞിട്ട് ഇന്ത്യ

ആദ്യ പന്ത് മുതൽ കിവീസിന്റെ ബാറ്റർമാരെ മുഹമ്മദ് ഷമി കുഴപ്പത്തിലാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് ഇന്ത്യൻ പേസർ വേട്ട തുടങ്ങിയത്. ഫുൾലെംഗ്ത് ബാൾ പാഡിൽ തട്ടി ഓപണർ ഫിൻ അലന്റെ (പൂജ്യം) സ്റ്റമ്പ് പിഴുതു. അടുത്ത ഊഴം സിറാജിന്റേതായിരുന്നു. വൺഡൗണായ ഹെന്റി നിക്കോൾസിന്റെ (രണ്ട്) ബാറ്റിൽ തട്ടിയ പന്ത് ഗിൽ സ്‍ലിപ്പിൽ പിടികൂടി.

കിവീസിന് എട്ട് റൺസാണ് ആ സമയത്ത് സ്കോർബോർഡിലുണ്ടായിരുന്നത്. തന്റെ അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ ഒറ്റകൈയ്യൻ റിട്ടേൺ ക്യാച്ചുമായി ഷമി വീണ്ടും തിളങ്ങി. ഡാരിൽ മിച്ചലായിരുന്നു (ഒന്ന്) ഇര. ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാനുള്ള ശ്രമം പാളുകയായിരുന്നു. ടീം സ്കോർ 15 മാത്രമായപ്പോൾ രണ്ട് വിക്കറ്റുകളാണ് കൊഴിഞ്ഞത്. ഇതോടെ സന്ദർശകർ സമ്മർദത്തിലായി. ഹാർദിക് പാണ്ഡ്യ ഒരുകൈകൊണ്ട് റിട്ടേൺ ക്യാച്ചെടുത്ത് ഡെവൺ കോൺവേയെ (ഏഴ്) മടക്കി. അടുത്ത ഓവറിൽ ശർദുൽ ഠാകുറും വിക്കറ്റ് നേടി. കിവീസ് നായകൻ ഡോം ലതാമിന്റെ ലൂസ്ഷോട്ട് സ്‍ലിപ്പിൽ ഗിൽ പിടികൂടി. ഇതോടെ 11 ഓവറിൽ അഞ്ചിന് 15 എന്ന ദയനീയ അവസ്ഥയിലേക്ക് സന്ദർശകർ നിലംപതിച്ചു.

കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ മൈക്കൽ ബ്രേസ് വെൽ അൽപം പിടിച്ചുനിന്നു. ഗ്ലെൻ ഫിലിപ്പിനൊപ്പം ബ്രേസ് വെൽ ആറാം വിക്കറ്റിൽ 41 റൺസ് ചേർത്തു. 19ാം ഓവറിൽ ഷമിക്കെതിരെ ബ്രേസ് വെല്ലിന്റെ തുടർച്ചയായ രണ്ട് ഫോറുമായി ന്യൂസിലൻഡ് 50 റൺസ് പിന്നിട്ടു. എന്നാൽ, ഇതേ ഓവറിലെ മൂന്നാം പന്തിൽ ഷമിയുടെ അത്യുഗ്രൻ ബൗൺസറിൽ ബ്രേസ് വെൽ (22) പുറത്തായി. വിക്കറ്റിന് പിന്നിൽ ഇശാൻ കിഷൻ പിടികൂടി. ഏഴാം വിക്കറ്റിൽ ഫിലിപ്പ്സും മിച്ചൽ സാന്റ്നറും 47 റൺസ് ചേർത്തതോടെ 30ാം ഓവറിൽ സ്കോർ 100 കടന്നു. ഇരുവരും പുറത്തായതോടെ വെല്ലുവിളി ഏറക്കുറെ അവസാനിച്ചു. ഒടുവിൽ 34.3 ഓവറിൽ 108 റൺസിൽ ഒതുങ്ങി.

ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യൻ ഓപണർമാരായ രോഹിത് ശർമയും ഗില്ലും കാണികൾക്ക് ഹരമേകുന്ന തകർപ്പൻ ഷോട്ടുകളുതിർത്തു. 50 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സുമടക്കമാണ് രോഹിത് 51 റൺസ് നേടി പുറത്തായത്. വിരാട് കോഹ്‍ലിക്ക് 11 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സാന്റ്നറെ ബൗണ്ടറി കടത്തി ഗിൽ ഇന്ത്യയുടെ വിജയം നേടുമ്പോൾ എട്ട് റൺസുമായി ഇശാൻ കിഷനായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

Tags:    
News Summary - India vs New Zealand, 2nd ODI: India Register Series-Clinching Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.