ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ താരങ്ങൾ കട്ടക്കിൽ പരിശീലനത്തിൽ
കട്ടക്ക് (ഒഡിഷ): ശുഭ്മൻ ഗില്ലിനും ഋഷഭ് പന്തിനും കീഴിൽ ടെസ്റ്റ് പരമ്പരയിൽ ദയനീയ തോൽവി. കെ.എൽ. രാഹുലിന്റെ നായകത്വത്തിൽ ഏകദിന പരമ്പര നേട്ടം. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ആതിഥേയരുടെ നിലവിലെ സ്റ്റാറ്റസ് ഇങ്ങനെയാണ്. ഇനിയുള്ളത് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര. സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ചൊവ്വാഴ്ച കട്ടക്കിൽ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. പ്രോട്ടീസ് മികച്ച സംഘമാണെന്നതിനൊപ്പം കുട്ടിക്രിക്കറ്റിന്റെ പ്രവചനാതീത സ്വഭാവം കൂടി ചേരുമ്പോൾ കളി ആരെ തുണക്കുമെന്ന് കണ്ടറിയണം.
പെർഫെക്റ്റ് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കിന്റെ ഇടവേള കഴിഞ്ഞ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഗില്ലും ഫിറ്റ്നസ് വീണ്ടെടുത്തു. അഭിഷേക് ശർമക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഓപൺ ചെയ്യാനുള്ള സാധ്യതയും ഇതോടെ അടഞ്ഞു. ഗില്ലായിരിക്കും ഇന്നിങ്സ് തുറക്കുകയെന്ന് ക്യാപ്റ്റൻ സൂര്യതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ ഇലവനിൽ സഞ്ജു ഉണ്ടാവുമോയെന്നതാണ് അടുത്ത ചോദ്യം. സഞ്ജുവിന്റെയും ജിതേഷ് ശർമയുടെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് മാനദണ്ഡമാക്കുന്നതിൽ ഇന്ന് അവസരം ലഭിക്കേണ്ടത് കേരള നായകനാണ്.
ഗിൽ ഓപണറാവുന്ന പക്ഷം സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവരും. സൂര്യ കഴിഞ്ഞ 20 മത്സരങ്ങൾക്കിടെ ഒരു അർധശതകം പോലും നേടിയിട്ടില്ലാത്തതിനാൽ ഫോം തെളിയിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അല്ലാത്ത പക്ഷം ടീമിൽനിന്ന് പുറത്താവാനിടയുണ്ട്. മധ്യനിരയിലെ ഒരു സ്ഥാനം തിലക് വർമക്കുള്ളതാണ്. ട്വന്റി20യായതിനാൽ ഹാർദിക്കിന് പുറമെ രണ്ട് ഓൾ റൗണ്ടർമാരെക്കൂടി പ്രതീക്ഷിക്കാം. ശിവം ദുബെയെയും അക്ഷർ പട്ടേലിനെയും പരിഗണിച്ചേക്കും.
ജസ്പ്രീത് ബുംറക്കൊപ്പം ഒരു പേസർ കൂടിയുണ്ടാവും. അർഷ്ദീപ് സിങ്ങാണ് സാധ്യതകളിൽ മുമ്പൻ. ഒരു ഓൾ റൗണ്ടറെ കുറച്ചാൽ പേസർ ഹർഷിത് റാണയുമെത്തും. സ്പെഷലിസ്റ്റ് സ്പിന്നറുടെ സ്ഥാനത്തേക്ക് കുൽദീപ് യാദവും വരുൺ ചക്രവർത്തിയും തമ്മിൽ ശക്തമായ മത്സരത്തിലാണ്. എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് പേസർ ആൻറിച് നോർയെ ഒരു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയിട്ടുണ്ട്. ഡേവിഡ് മില്ലറടക്കം വെടിക്കെട്ട് വീരന്മാർ ബാറ്റിങ് ഡിപ്പാർട്ട്മെന്റിനെ സമ്പന്നമാക്കുന്നു.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.