രാഹുല്‍ ദ്രാവിഡ്

സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

ജയ്പുര്‍: മലയാളി താരം സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. ഐ.പി.എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദ്രാവിഡിന് കൂടുതല്‍ വലിയ പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായും രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

“വര്‍ഷങ്ങളായി റോയല്‍സിന്റെ യാത്രയില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ കളിക്കാരെ സ്വാധീനിക്കുകയും ടീമിനുള്ളില്‍ ശക്തമായ മൂല്യങ്ങള്‍ വളർത്തിയെടുക്കുകയും ഫ്രാഞ്ചൈസിയുടെ സംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഫ്രാഞ്ചൈസിക്ക് നല്‍കിയ സ്തുത്യര്‍ഹ സേവനത്തിന് റോയല്‍സും കളിക്കാരും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും അദ്ദേഹത്തോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു” -രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് ദ്രാവിഡ് തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് ഇക്കഴിഞ്ഞ സീസണിൽ റോയല്‍സ് വിജയിച്ചത്. മൂന്ന് വര്‍ഷം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായ സേവനമനുഷ്ഠിച്ച ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാനിലേക്ക് മടങ്ങിയത്. 2011ൽ കളിക്കാരനായി റോയൽസിൽ ചേർന്ന ദ്രാവിഡ് 2012, 2013 ഐ.പി.എല്‍ സീസണുകളില്‍ രാജസ്ഥാനെ നയിച്ച ദ്രാവിഡ് തുടര്‍ന്നുള്ള രണ്ട് സീസസുണകളില്‍ ടീമിന്റെ മെന്ററായിരുന്നു.

 കഴിഞ്ഞ സീസണിൽ റോയൽസിന്റെ ലേല തന്ത്രത്തിലും പുതിയ സീസണിന് മുന്നോടിയായി നിലനിർത്തേണ്ട താരങ്ങളെ തീരുമാനിക്കുന്നതിലും ദ്രാവിഡ് നിർണായക പങ്ക് വഹിച്ചു. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവരെ ഫ്രാഞ്ചൈസി നിലനിർത്തി. പ്രധാന കളിക്കാർക്ക് പരിക്കേറ്റതും അവസാന ഓവർ ഫിനിഷുകളിൽ നിരവധി തവണ ടീം പരാജയപ്പെട്ടതും സീസണിലെ പ്രകടനത്തെ ബാധിച്ചു.

2026 ഐ.പി.എല്‍ സീസണ് മുന്നോടിയായി പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ദ്രാവിഡ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

Tags:    
News Summary - Head coach Dravid parts ways with Rajasthan Royals after just one season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.