കപിൽ ദേവ് അല്ല! ഇന്ത്യയെ പന്തുകൊണ്ട് വിജയിപ്പിച്ചത് മറ്റൊരു താരമെന്ന് ഹർഭജൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പന്തുകൊണ്ട് വിജയങ്ങൾ സമ്മാനിച്ച ഇതിഹാസ താരത്തെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മുൻ ഇന്ത്യൻ താരം ആർ. അശ്വിനുമായി അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ നടത്തിയ ദീർഘസംഭാഷണത്തിലാണ് ഹർഭജൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ പേര് തെരഞ്ഞെടുത്തത്. അശ്വിന്‍റെ ചോദ്യത്തിന് ഏവരും പ്രതീക്ഷിച്ചത് ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച മുൻ നായകൻ കപിൽ ദേവിന്‍റെ പേരായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് കുംബ്ലെ. ടെസ്റ്റ് ക്രിക്കറ്റിൽ 619 വിക്കറ്റുകളും 271 ഏകദിനങ്ങളിൽനിന്ന് 337 വിക്കറ്റുകളും നേടിയിട്ടുണ്ട്. 14 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചു, ഇതിൽ മൂന്നെണ്ണത്തിൽ ജയിച്ചു. 2008ലാണ് കുബ്ലെ വിരമിക്കുന്നത്. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 2009ൽ ഫൈനലിൽ എത്തിച്ചെങ്കിലും ഇന്ത്യക്കുവേണ്ടി ഒരു ട്വന്‍റി20 മത്സരം പോലും കളിച്ചിട്ടില്ല. ഹർഭജനും കുംബ്ലെയും വർഷങ്ങളോളം ഇന്ത്യക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്.

കരിയറിന്‍റെ തുടക്കത്തിൽ ചെന്നൈയിൽ ഒരു പ്രാദേശിക ക്ലബിനുവേണ്ടിയാണ് ആദ്യമായി കുംബ്ലെക്കൊപ്പം കളിക്കുന്നതെന്ന് ഹർഭജൻ പറഞ്ഞു. ‘കുംബ്ലെയായിരുന്നു തന്‍റെ ആദ്യ ക്യാപ്റ്റൻ. കപിൽ ദേവും ഞാനും ധാരാളം വിക്കറ്റുകൾ നേടിയിട്ടുണ്ട്. പക്ഷേ, കളത്തിൽ ഏറ്റവും വലിയ പോരാളിയും ഇന്ത്യയുടെ വലിയ മാച്ച് വിന്നറും കുംബ്ലെയാണ്’ -ഹർഭജൻ പറഞ്ഞു.

കുംബ്ലെക്കൊപ്പം ഒരുമിച്ചു കളിച്ചത് തന്‍റെ കരിയറിന് വലിയ മുതൽക്കൂട്ടായിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ഇന്ത്യക്കുവേണ്ടി 103 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഹർഭജൻ, 417 വിക്കറ്റുകൾ നേടി. അശ്വിൻ ഇന്ത്യക്കുവേണ്ടി 106 ടെസ്റ്റുകൾ കളിച്ചു, 537 വിക്കറ്റുകളും നേടി. കഴിഞ്ഞവർഷമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Tags:    
News Summary - Harbhajan Singh picks India's greatest match-winner with the ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.