സൺറൈസേഴ്സിനെതിരെ അർധ സെഞ്ച്വറി നേടിയ ശുഭ്മൻ ഗിൽ

ആദ്യം ഗില്ലാട്ടം, പിന്നെ ബട്ട്ലർ ഷോ; ടൈറ്റൻസിനെതിരെ സൺറൈസേഴ്സിന് കൂറ്റൻ വിജയലക്ഷ്യം

അഹ്മദാബാദ്: നായകൻ ശുഭ്മൻ ഗിൽ, ജോസ് ബട്ട്ലർ എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ 225 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ഇരുവർക്കും പുറമെ 48 റൺസ് നേടിയ സായ് സുദർശന്‍റെ ഇന്നിങ്സും ടൈറ്റൻസിന്‍റെ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 224 റൺസ് നേടിയത്.

മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ടൈറ്റൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച ടൈറ്റൻസ് ഓപണർമാർ നാലോവറിൽ സ്കോർബോർഡിൽ 50 റൺസ് ചേർത്തു. പവർപ്ലേ ഓവറുകളിൽ, ഫീൽഡിങ്ങിലെ വിടവുകൾ കണ്ടെത്തിയ ഗില്ലും സായ് സുദർശനും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി. ആദ്യത്തെ ആറോവറിൽ 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സായ് സുദർശനെ സീഷൻ അൻസാരി, വിക്കറ്റ് കീപ്പർ ഹെയ്ന്റിച് ക്ലാസന്‍റെ കൈകളിലെത്തിച്ചു. 23 പന്തിൽ ഒമ്പത് ഫോറുകൾ സഹിതം 48 റൺസ് അടിച്ച താരം ഓറഞ്ച് ക്യാപ് തിരികെ പിടിച്ചു. സ്ഥിരതയാർന്ന പ്രകടനത്തോടെ, സീസണിൽ 500 റൺസ് പിന്നിടുന്ന ആദ്യ താരമാകാനും സായ് സുദർശനു കഴിഞ്ഞു. പിന്നാലെയെത്തിയ ജോസ് ബട്ട്ലറെ കൂട്ടുപിടിച്ച ഗിൽ, 8.2 ഓവറിൽ ടീം സ്കോർ 100 കടത്തി.

സ്കോർ 149ൽ നിൽക്കേ, ശുഭ്മൻഗിൽ റണ്ണൗട്ടായി. 38 പന്തിൽ 10 ഫോറും രണ്ട് സിക്സും സഹിതം 76 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പതിയെ തുടങ്ങിയ ബട്ട്ലർ, ഗിൽ പുറത്തായതോടെ വമ്പൻ ഷോട്ടുകൾ പുറത്തെടുത്തു. വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് 18 ഓവറിൽ സ്കോർ 200 കടത്തി. 37 പന്തിൽ 64 റൺസെടുത്ത താരത്തെ 19-ാം ഓവറിൽ പാറ്റ് കമിൻസ് അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. ജയ്ദേവ് ഉനദ്കതിന്‍റെ അവസാന ഓവറിൽ സുന്ദറും (16 പന്തിൽ 21) രാഹുൽ തെവാട്ടിയയും (6) റാഷിദ് ഖാനും (0) പുറത്തായി. 6 റൺസുമായി ഷാറുഖ് ഖാൻ പുറത്താകാതെ നിന്നു.

Tags:    
News Summary - Gujarat Titans vs Sunrisers Hyderabad IPL 2025 Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.