ആയുഷ് ബദോനി
രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ആരാധക രോഷമുയരുന്നു. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ബദോനിയെ ടീമിലെടുത്തത്. എന്നാൽ, ബദോനിയെ ടീമിലെത്തിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് ആരാധകരുടെ ആരോപണം.
ലിസ്റ്റ് എ ക്രിക്കറ്റിലെ ബദോനിയുടെ കണക്കുകൾ അത്ര മികച്ചതല്ലെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 22 ഇന്നിങ്സുകളിൽനിന്ന് 693 റൺസും 22 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ മൂന്ന് ഇന്നിങ്സുകളിൽനിന്ന് വെറും 16 റൺസ് മാത്രമാണ് അദ്ദേഹം നേടിയത് (ശരാശരി എട്ട്). വാഷിംഗ്ടൺ സുന്ദർ ഒരു മികച്ച ഓൾറൗണ്ടറാണെന്നും, അദ്ദേഹത്തിന് പകരമായി ഒരു പാർട്ട് ടൈം ബൗളർ മാത്രമായ ബദോനിയെ എടുത്തത് ശരിയല്ലെന്നുമാണ് പലരുടെയും വാദം. ബാബ അപരാജിതിനെപ്പോലെ മികച്ച റെക്കോഡുള്ള താരങ്ങളെ അവഗണിച്ചതായും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു.
ഐ.പി.എല്ലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിൽ ഗംഭീർ മെന്ററായിരുന്നപ്പോൾ ബദോനി ടീമിലുണ്ടായിരുന്നു. കൂടാതെ ഇരുവരും ഒരേ ആഭ്യന്തര ടീമായ ഡൽഹിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇതാണ് 'ഡൽഹി പക്ഷപാതം' എന്ന ആരോപണത്തിന് ഇടയാക്കിയത്. എന്നാൽ ബദോനിയുടെ കോച്ച് ശരൺദീപ് സിങ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ബദോനി മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം സജ്ജനാണെന്നും ശരൺദീപ് സിങ് പറഞ്ഞു. ഐ.പി.എൽ 2025 സീസണിൽ 11 ഇന്നിംഗ്‌സുകളിൽ 329 റൺസാണ് ബദോനി നേടിയത്. രാജ്‌കോട്ടിൽ ബുധനാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ഇന്ത്യൻ ടീമിനൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.