ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിലൊരാളായ ന്യൂസിലാൻഡിന്‍റെ മുൻ താരം ക്രിസ് കെയിൻസ് സമീപകാലത്തായി ജീവിതത്തിൽ നിരന്തരം തിരിച്ചടികളാണ് നേരിടുന്നത്. 51കാരനായ താരത്തിന് കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ ആവശ്യമായി വരികയും ശസ്ത്രക്രിയക്കിടെ സ്ട്രോക്കിനെ തുടർന്ന് ഇരുകാലുകളും തളരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വീണ്ടും മറ്റൊരു ഗുരുതരമായ അസുഖം തന്നെ ബാധിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെയിൻസ്.
തനിക്ക് കുടലിൽ അർബുദം ബാധിച്ചിരിക്കുകയാണെന്ന കാര്യമാണ് കെയിൻസ് പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു പോരാട്ടം കൂടി മുന്നിലെത്തിയിരിക്കുന്നു എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ പറഞ്ഞത്. ഇത് അപ്രതീക്ഷിതമായിരുന്നെന്നും ഡോക്ടർമാരുമായി സംസാരിക്കുകയാണെന്നും കെയിൻസ് വ്യക്തമാക്കി.
നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാവേണ്ടി വന്നിരുന്നു. കഴിഞ്ഞവർഷം ആഗസ്റ്റിൽ നടന്ന ശസ്ത്രക്രിയക്കിടെ സ്ട്രോക്ക് സംഭവിച്ച താരം ഗുരുതരാവസ്ഥയിലായിരുന്നു. ഇത് മറികടക്കുന്നതിനിടെയാണ് വീണ്ടും അർബുദം വില്ലനായെത്തിയിരിക്കുന്നത്.
2010ല്‍ ആസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് കാൻബറയിലാണ് സ്ഥിരതാമസം. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്‍റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2004ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച കെയിൻസ് ഇന്ത്യൻ വിമത ക്രിക്കറ്റ് ലീഗിൽ കളിച്ചിരുന്നു. ഇക്കാലത്ത് ഉയർന്ന ഒത്തുകളി ആരോപണങ്ങൾ താരത്തിന്‍റെ കരിയറിൽ മങ്ങലേൽപ്പിച്ചു. സാമ്പത്തികമായി പാടെ തകർന്ന കെയിൻസ് ഏറെ പ്രയാസകരമായ ജീവിതമാണ് നയിക്കുന്നതെന്ന് സഹതാരമായിരുന്ന ഡിയോൺ നാഷ് 2014ൽ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.