‘മത്സരം ജയിച്ചത് നൈറ്റ്റൈ​ഡേഴ്സ്, മനം കവർന്നത് ഷാറൂഖ് ഖാൻ’

കൊൽക്കത്ത: അവരുടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രഥമ ദൃഷ്ട്യാ പോരിലായിരുന്നു. എന്നാൽ, കളത്തിൽ വിരാട് കോഹ്‍ലിയും ഷാറൂഖ് ഖാനും തമ്മിലുള്ള ‘അന്തർധാര’ ഈഡൻ ഗാർഡനിലെ ആയിരക്കണക്കിന് കാണികൾക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. ഐ.പി.എല്ലിൽ ബോളിവുഡ് ബാദ്ഷായുടെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സും കോഹ്ലിയുടെ നായകത്വത്തിലിറങ്ങിയ ബാംഗ്ലൂർ റോയൽ ചല​ഞ്ചേഴ്സും ഏറ്റുമുട്ടിയ ദിവസം ഈഡൻ ഗാർഡനിൽ താരമായത് ഷാറൂഖ് ആയിരുന്നു. മത്സരം നൈറ്റ്​റൈ​ഡേഴ്സ് 81റൺസിന് ജയിച്ച രാത്രിയിൽ ഗാലറിയിലും കളത്തിലും ആഘോഷവും ആരവവും കൊഴുപ്പിച്ച് ഷാറൂഖ് കാണികൾക്ക് ഹരമേകി.

മത്സരശേഷം മൈതാനത്തിറങ്ങിയ ഷാറൂഖ് ഖാൻ കോഹ്ലിയുടെ കവിളിൽ തട്ടി സ്നേഹം പ്രകടിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷാറൂഖിന്റെ ഫാൻ പേജുകളിലൊന്നിൽ ‘പിക്ചർ ഓഫ് ദ ഡേ’ എന്ന കാപ്ഷനിൽ ഈ പടം പോസ്റ്റ് ചെയ്തു. ഇതിനു താഴെ, ‘മത്സരം ജയിച്ചത് നൈറ്റ്റൈ​ഡേഴ്സ്, മനം കവർന്നത് ഷാറൂഖ് ഖാൻ’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘രണ്ടു രാജാക്കന്മാർ ഒരു ഫ്രെയിമിൽ’ എന്ന് മറ്റൊരാൾ കുറിച്ചു. ‘ഷാറൂഖും വിരാഖും സ്നേഹം പ്രസരിപ്പിക്കു​മ്പോൾ ആരാധകർ വെറുപ്പ് പടർത്തുന്നു’ എന്ന് മറ്റൊരു കമന്റ്.


ഈഡൻ ഗാർഡനിൽ കളി കാണാൻ മകൾ സുഹാന ഖാനും അവളുടെ സുഹൃത്ത് ഷനായ കപൂറും (നടൻ സഞ്ജയ് കപൂറിന്റെ മകൾ) ഷാറൂഖിന് ഒപ്പമു​ണ്ടായിരുന്നു. നൈറ്റ്റൈഡേഴ്സിന്റെ സഹ ഉടമയായ നടി ജൂഹി ചൗളയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഗാലറിയിൽനിന്ന് ആരാധകർക്കുനേരെ കൈവീശിക്കാണിച്ച് ആവേശം വിതറിയ കിങ് ഖാൻ പത്താനിലെ ‘ജൂമേ ജോ പത്താൻ’ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചു. മത്സരശേഷം മൈതാനത്തിറങ്ങിയ അദ്ദേഹം, ‘ജൂമേ ജോ പത്താൻ’ ചുവടുകൾ കോഹ്‍ലിക്ക് ഷാറൂഖ് പഠിപ്പിച്ചുകൊടു​ത്തു. മൈതാനത്ത് ഇരുവരും ആ ചുവടുകളുമായി കാണിക​ളെ ഹരംകൊള്ളിച്ചു. 




Tags:    
News Summary - Shah Rukh Khan showing love to Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.