ലാഹോർ: ഓപണർ ഇബ്രാഹിം സദ്റാന്റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്താന് കൂറ്റർ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. 146 പന്തിൽ ആറ് സിക്സും 12 ഫോറുകളും ഉൾപ്പെടെ 177 റൺസാണ് ഇബ്രാഹിം സദ്റാൻ അടിച്ചുകൂട്ടിയത്.
ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ബെൻ ഡെക്കറ്റ് നേടിയ 165 റൺസാണ് സദ്റാൻ മറികടന്നത്. ഏകദിനത്തിൽ ഒരു അഫ്ഗാൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2022ൽ സദ്റാൻ തന്നെ നേടിയ 162 റൺസായിരുന്നു ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
മൂന്ന് വിക്കറ്റിന് 37 എന്ന നിലയിൽ നിന്നാണ് അഫ്ഗാൻ 325 റൺസിലെത്തിയത്. നിലയുറപ്പിക്കും മുൻപെ റഹ്മാനുല്ല ഗുർബാസ് (6), സെതീഖുല്ല അതൽ (4), റഹ്മത്ത് ഷാ (4) എന്നിവർ മടങ്ങിയെങ്കിലും നായകൻ ഹഷ്മത്തുല്ല ഷാഹിദിയെ (40) കൂട്ടി സദ്റാൻ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. തുടർന്നെത്തിയ അസ്മത്തുള്ള ഒമർസായി (41), മുഹമ്മദ് നബി (40) എന്നിവർ മികച്ച പിന്തുണ നൽകിയതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനും അഫ്ഗാനും ഇന്ന് ജയിച്ചാൽ മാത്രമേ സെമി സാധ്യത നിലനിർത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.